ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത് ഉല്ലാസയാത്രയ്‌ക്കോ ? മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, June 1, 2020

പ്രതിമാസം ഒന്നര കോടിരൂപയ്ക്ക് വാടകയ്‌ക്കെടുത്ത ഹെലികോപ്ടര്‍ വിനോദയാത്ര നടത്താനാണോയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അടിയന്തരഘട്ടങ്ങളില്‍ ഹെലികോപ്ടര്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നതില്‍ ഒരു തെറ്റുമില്ല. പ്രതിവര്‍ഷം കോടികള്‍ നഷ്ടപ്പെടുത്തിയുള്ള ആഡംബരം സാമ്പത്തിക പ്രതിസന്ധിയുള്ള സംസ്ഥാനത്തിന് സ്വീകാര്യമല്ല.

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും പോലീസ് മേധാവിയും ധൃതിപിടിച്ച്പത്തനംതിട്ടയിലേക്ക് യാത്ര നടത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്കമാക്കണം. രണ്ടുമണിക്കൂറോളമാണ് ഇവര്‍ ഹെലികോപ്ടര്‍ സവാരിക്കായി ചെലവിട്ടത്. വര്‍ഷം ഇരുപത് കോടിയാണ് സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയായി നല്‍കുന്നത്.  ഒരുമാസം 20 മണിക്കൂര്‍ പറത്തുന്നതിനാണ് ഒന്നര കോടി നല്‍കേണ്ടത്. അതിന് പുറമെയുള്ള മണിക്കൂറിന് 75,000 രൂപയും നല്‍കണം. ഇത്തരം അനാവശ്യയാത്രകളുടെ ഫലമായി അധിക തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വീണ്ടും ചെലവാക്കേണ്ട സ്ഥിതിയാണെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.