കേരളത്തിലെ അഴിമതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ വരണം ; സിപിഎം-ബിജെപി ബന്ധം ഏജന്‍സികളെ വിലക്കുന്നു : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, December 3, 2020

കോഴിക്കോട്: കേരളത്തിലെ അഴിമതികള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ വരണമെന്ന് കെപിസിസി അധ്യക്ഷന്‍  മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപി-സിപിഎം ബന്ധം ഏജന്‍സികളെ വിലക്കുന്നു. അന്ധരായ അണികള്‍ കൂടെയുണ്ടാകുമെന്ന വിശ്വാസം സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിനെതിരെ സംസ്ഥാനത്തു നടക്കുന്ന കേസുകൾ അപമാനകരമാണ്. എത്തിക്സ് കമ്മിറ്റിയെ ലഘൂകരിക്കാനാണ് ധനമന്ത്രിയുടെ ശ്രമം. ആത്മാഭിമാനവും രാഷ്ട്രീയ മാന്യതയും അന്തസും ഉണ്ടെങ്കിൽ  ഐസക് രാജിവെക്കണം. ഇടതുമുന്നണിക്കും ബിജെപിക്കും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ വരാൻ പോകുന്നത്. ടി.പി  വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണ്. സിഎം രവീന്ദ്രന്റെ ഭാര്യയും ഊരാളുങ്കൽ  സൊസൈറ്റിയും തമ്മിലുള്ള ബന്ധവും ആന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

അന്ധരായ അണികൾ കൂടെ ഉണ്ടാകുമെന്ന വിശ്വാസമാണ് സർക്കാരിന് ഉള്ളത്. സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സ്ഥാനാർഥികൾ തയ്യാറാകാത്ത അവസ്ഥയാണുള്ളത്. അരിവാൾ ചുറ്റിക നക്ഷത്രം പലയിടത്തും വെറുക്കെപ്പെട്ട ചിഹ്നമായി മാറിക്കഴിഞ്ഞു. കേന്ദ്ര ഏജൻസികളെ ബിജെപി ഇടയ്ക്കിടെ പിന്നിൽനിന്ന് വലിക്കുന്നു. നിർഭയമായി അന്വേഷണത്തിന് അവസരം കൊടുത്താൽ എല്ലാ കേസുകളിലും സത്യം പുറത്തുവരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.