സൗദിയുടെ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ചര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം; ഏറെയും ഇന്ത്യക്കാര്‍

JAIHIND TV MIDDLE EAST BUREAU
Thursday, September 23, 2021

റിയാദ് : സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ ഒരു വര്‍ഷത്തിനിടെ അഞ്ചര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. വിദേശ തൊഴിലാളികളുടെ എണ്ണം 8.52 ശതമാനം തോതില്‍ ഒരു വര്‍ഷത്തിനിടെ കുത്തനെ കുറഞ്ഞു. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തിനും ഈ വര്‍ഷം രണ്ടാം പാദത്തിനും ഇടയില്‍ 5,71,333 വിദേശികള്‍ക്കാണ് സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലകളില്‍ ആകെ വിദേശ തൊഴിലാളികള്‍ 61,35,126 ആണ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനത്തില്‍ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ 67,06,459 ആയിരുന്നു. ഇപ്രകാരം ഒരു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരുടെ എണ്ണം 4,74,382 ആയി കുറഞ്ഞിരിക്കുകയാണ്.