കൊവിഡ് 19 : എടച്ചേരി ഗ്രാമപഞ്ചായത്തിൽ മൂന്ന് രോഗികള്‍; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല ഭരണകൂടം

Jaihind News Bureau
Thursday, April 16, 2020

കഴിഞ്ഞ ദിവസം മൂന്ന് കൊവിഡ് രോഗികളെ സ്ഥിരീകരിച്ച കോഴിക്കോട് എടച്ചേരി ഗ്രാമപഞ്ചായത്തിൽ ജില്ല ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ എടച്ചേരി ഗ്രാമപഞ്ചായത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം ഇനിയൊരുത്തരവുണ്ടാകുന്നത് വരെ നിരോധിച്ചും ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കിയത്. പഞ്ചായത്തില്‍ കൊവിഡ് സ്ഥീരികരിച്ച സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും രോഗിസമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു. വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യ അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ 11 മണിവരെയും, പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ രണ്ട് മണിവരെയും മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. യാതൊരു കാരണവശാലും വീടുകള്‍ക്ക് പുറത്ത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്‍റെ നിരീക്ഷണം ഈ വാര്‍ഡില്‍ ശക്തിപ്പെടുത്തണം. ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 188, 269 പ്രകാരം ബന്ധപ്പെട്ടവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.