വിവാദ ബില്ലുകള്‍ ഇനിയും കൊണ്ടുവരാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാജ്യത്ത് ബി.ജെ.പിയുടെ സ്വാധീനമേഖലകള്‍ ചുരുങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാം നബി ആസാദിന്‍റെ പരിഹാസം.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്കുണ്ടായതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. വളരെ ശ്രമപ്പെട്ടാണ് ഹരിയാനയില്‍ അവർക്ക് സർക്കാര്‍ രൂപീകരിക്കാനായത്. തോല്‍വിക്ക് സമാനമാണ് ഹരിയാനയില്‍ ബി.ജെ.പിയുടെ അവസ്ഥയെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
‘ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് പിന്നാലെ ബി.ജെ.പിക്ക് ജാര്‍ഖണ്ഡും നഷ്ടമായി. ഇനിയും നിങ്ങള്‍ ഇത്തരത്തിലുള്ള ഒരു ബില്ലുമായി വീണ്ടും എത്തുമ്പോള്‍ ഞങ്ങള്‍ രണ്ട് സീറ്റുകള്‍ കൂടി അധികം നേടും’ – ഗുലാം നബി ആസാദ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് തടഞ്ഞ സംഭവത്തില്‍ ഗുലാം നബി ആസാദ് പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യം നിലനില്‍ക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യത്തെ വിഭജിക്കുക എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.