കർമി-ബോട്ട് … കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലെ പുതിയ ആതിഥേയന്‍

Jaihind News Bureau
Saturday, April 25, 2020

കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷൻ. കേരള സ്റ്റാർട്ടപ്പ് മിഷനിലെ അസിമോവ് റോബോട്ടിക്സ് എന്ന കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്.

ഇന്നു മുതൽ കളമശേരി മെഡിക്കൽ കോളേജിന്‍റെ കൊവിഡ് ഐസോലേഷൻ വാർഡിൽ ഒരു റോബോട്ട് പരിപാലകനായിട്ടുണ്ടാവും. നടൻ മോഹൻലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷൻ സംഭാവന ചെയ്ത റോബോട്ടിന് കർമി-ബോട്ട് എന്നാണ് പേര് നൽകിയിരിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ അസിമോവ് റോബോട്ടിക്സ് എന്ന കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്.

ഭക്ഷണം, മരുന്ന് വിതരണം, രോഗികൾ ഉപയോഗിക്കുന്ന ചവറ്റുകുട്ടകൾ ശേഖരിക്കുക, അണുനശീകരണം നടത്തുക, ഡോക്ടറും രോഗികളും തമ്മിൽ വീഡിയോ കോൾ പ്രാപ്തമാക്കുക തുടങ്ങിയവയാണ് റോബോട്ടിന്‍റെ പ്രധാന ഉത്തരവാദിത്തങ്ങൾ.

കോവിഡ് രോഗികളും – ആരോഗ്യ പ്രവർത്തകരും തമ്മിലുള്ള ആശയവിനിമയം പരിമിതപ്പെടുത്തുക എന്നതും റോബോട്ടിന്‍റെ ലക്ഷ്യത്തിൽ പെടുന്നു. ക്രമീകരിച്ചുകഴിഞ്ഞാൽ, റോബട്ടിന് അതിന്‍റെ ചുമതലകൾ പൂർണ്ണമായും സ്വന്തമായി നിർവഹിക്കാൻ കഴിയും. 25 കിലോഗ്രാം വരെ പേലോഡ് വഹിക്കുന്ന ഈ റോബോട്ട്, സെക്കൻഡിൽ 1 മീ. വേഗത കൈവരിക്കാൻ പ്രാപ്തമാണ്.

രാവിലെ കലമശേരി സ്റ്റാർട്ട് അപ് മിഷനിൽ നടന്ന ചടങ്ങിൽ വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർ മേജർ രവി, അസിമോവ് റോബോട്ടിക്സ് സിഇഒ ജയകൃഷ്ണൻ എന്നിവർ ചേർന്ന് റോബോട്ട് ജില്ലാ കളക്ടർക്ക് കൈമാറി.