മോഹനൻ വൈദ്യര്‍ കുഴഞ്ഞുവീണ് മരിച്ചു ; അന്ത്യം കരമനയിലെ ബന്ധുവീട്ടില്‍

Jaihind Webdesk
Sunday, June 20, 2021

തിരുവനന്തപുരം : മോഹനൻ വൈദ്യർ എന്ന മോഹനൻ നായരെ (65) കരമനയിലെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് ലക്ഷണങ്ങളോടെയാണ് മരണം. വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികൾക്കെതിരായ നിലപാടുകളിലൂടെയും പലവട്ടം വിവാദങ്ങളിൽ ഇടംപിടിച്ച ആളാണ് മോഹനന്‍ നായര്‍.

കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 2 ദിവസം മുമ്പാണ് കരമനയിലെ ബന്ധുവീട്ടിൽ എത്തിയത്. രാവിലെ കടുത്ത ശ്വാസതടസവും പനിയും ഛർദ്ദിയുമുണ്ടായി.  തുടര്‍ന്ന് കുഴഞ്ഞു വീണതോടെ ബന്ധുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ലത, മക്കൾ: ബിന്ദു, രാജീവ്. മരുമകൻ: പ്രശാന്ത്.

25 വർഷമായി ചേർത്തല മതിലകത്താണ് താമസം. കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ വരെ ചികിത്സിച്ചിരുന്നു. കൊവിഡിന് തന്‍റെ പക്കല്‍ ചികിത്സയുണ്ടെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോവിഡ് ചികിത്സയുടെ പേരിൽ ജയിലിലും കഴിഞ്ഞു.