മൊഫിയയുടെ മരണം: ഭർത്താവ് സുഹൈലിന്‍റെ ജാമ്യാപേക്ഷ തള്ളി; മാതാപിതാക്കള്‍ക്ക് ഉപാധികളോടെ ജാമ്യം

Jaihind Webdesk
Tuesday, January 4, 2022

കൊച്ചി : ആലുവയില്‍ നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് സുഹൈലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മാതാപിതാക്കള്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പ്രായം കൂടി കണക്കിലെടുത്താണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിൽ ഇടപെടാൻ പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. 40 ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞെന്നും പ്രായമുള്ളവരാണെന്നും കാണിച്ചാണ് പ്രതികൾ ജാമ്യഹർജി നൽകിയത്. എന്നാൽ കേസ് ഡയറി പരിശോധിച്ച കോടതി, ഭർത്താവ് സുഹൈലിനെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് നിരീക്ഷിച്ചു. ആരോപണം ശരിയാണെങ്കിൽ മോഫിയ നേരിട്ടത് വലിയ ക്രൂരത ആണെന്നും കോടതി പരാമർശിച്ചു.

നേരത്തെ ആലുവ മജിസ്‌ട്രേറ്റ് കോടതിയും എറണാകുളം സെഷന്‍സ് കോടതിയും പ്രതികളുടെ  ജാമ്യാപേക്ഷ തള്ളിയിരുന്നു. മൊഫിയയുടെ ആത്മഹത്യക്ക് തങ്ങളല്ല കാരണമെന്നും പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റമെന്നുമായിരുന്നു പ്രതികളുടെ വാദം.  മൊഫിയയുടെ പരാതിയില്‍ നടപടി വൈകിപ്പിച്ച സിഐ സുധീറിനെതിരെ പ്രതിഷേധം ശക്തമായതോടെ പിന്നീട് സസ്പെന്‍ഡ് ചെയ്തിരുന്നു.  ഗാര്‍ഹിക പീഡന പരാതിയില്‍ കേസ് എടുക്കുന്നതില്‍ സിഐയായിരുന്ന സിഎല്‍ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തലുണ്ടായി. പരാതിയിൽ നടപടി എടുക്കാതിരിക്കാന്‍ സുധീറിന് മേല്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ഭര്‍ത്താവിന്‍റെ വീട്ടില്‍ മൊഫിയ പര്‍വീണ്‍ നേരിട്ടത് കൊടിയ പീഡനമെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോർട്ട്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. 40 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടു. ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ പലതവണ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. ഭര്‍തൃ മാതാവ് മൊഫിയയെ സ്ഥിരമായി ഉപദ്രവിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.