‘ഓലപ്പാമ്പ് കാട്ടി കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് മോദി കരുതേണ്ട’: കെ.സി വേണുഗോപാല്‍ എംപി | VIDEO

Jaihind Webdesk
Saturday, July 16, 2022

കൊല്ലം: രാജ്യത്തിന്‍റെ പ്രശ്നങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. മോദി സർക്കാരിനെതിരെ ഉപയോഗിക്കേണ്ട അഴിമതി, ഏകാധിപതി തുടങ്ങിയ വാക്കുകൾ വിലക്കിയിരിക്കുകയാണ്. ബ്രിട്ടീഷുകാരെ അടിയറവ് പറയിച്ച പാരമ്പര്യമുള്ള കോണ്‍ഗ്രസിനെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാർ നിരോധിച്ച വാക്കുകൾ തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ കോൺഗ്രസ് ഉപയോഗിക്കും. പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധിക്കാന്‍ പാടില്ലെന്നതിനെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയാല്‍ ഭയപ്പെടില്ല. രാഹുല്‍ ഗാന്ധിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഭയപ്പെടുത്താമെന്ന് വിചാരിച്ചു. എന്നാല്‍ ഭയപ്പെട്ടത് ചോദ്യം ചെയ്തവരാണെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. നിലമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച സ്നേഹവീട് ‘പ്രിയദർശിനി’യുടെ താക്കോൽദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.