കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; ബൈക്ക് മോഷണം ആരോപിച്ച് പാലക്കാട് യുവാവിനെ തല്ലിക്കൊന്നു

Jaihind Webdesk
Friday, April 8, 2022

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പാലക്കാട് ഇരുപത്തിയേഴ് വയസുള്ള യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നു. ബൈക്ക് മോഷണം ആരോപിച്ചായിരുന്നു മർദ്ദനം. സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലുണ്ട്.

പാലക്കാട് ഒലവക്കോടിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബൈക്ക് മോഷ്ടിച്ചു എന്നാരോപിച്ച് മലമ്പുഴ കടുക്കാം കുന്ന് സ്വദേശിയായ റഫീഖിനാണ് മർദ്ദനമേറ്റത്. ദൃക്സാക്ഷി വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുണ്ടൂര് കുമ്മാട്ടി കണ്ട് മടങ്ങിയ ഒരു സംഘം ബാറിൽ മദ്യപിക്കാൻ കയറിയിരുന്നു. ഇവിടെ പാർക്ക് ചെയ്ത ബൈക്ക് കാണാതായതിനെ തുടർന്ന് ഇവർ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളിൽ ഒരു യുവാവ് ബൈക്ക് ഉന്തിക്കൊണ്ട് പോകുന്നത് കണ്ടു. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇതിൽ കണ്ടതായി പറയുന്ന യുവാവിനെ ചോദ്യം ചെയ്യുകയും വാക്കേറ്റത്തിനൊടുവിൽ മർദ്ദിക്കുകയുമായിരുന്നു.

ചില നാട്ടുകാരും റഫീഖിനെ മർദിച്ചുവെന്നാണ് വിവരം. മർദ്ദനത്തെ തുടർന്ന് റഫീഖ് കുഴഞ്ഞു വീണു. ഇതോടെ കുറച്ചു പേർ ഓടി രക്ഷപെട്ടു. ഒരു സംഘത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് പിടിയിലായത്.