എം.എം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്; എംഎല്‍എയുടെ കാറില്‍ ആശുപത്രിയിലെത്തിച്ചില്ല; ആംബുലന്‍സ് എത്തുന്നതുവരെ റോഡില്‍

Jaihind Webdesk
Tuesday, June 20, 2023

 

തിരുവനന്തപുരം: മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റ് ഏറെനേരം റോഡില്‍ കിടന്നയാളെ പിന്നീട് ആംബുലന്‍സ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റയാളെ എംഎല്‍എയുടെ കാറില്‍ ആശുപത്രിയിലെത്തിച്ചുകൂടേ എന്ന് അപകടസ്ഥലത്ത് എത്തിയവർ ചോദിച്ചെങ്കിലും ആംബുലന്‍സ് വരുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. കഴക്കൂട്ടം ദേശീയ പാതയില്‍ വെച്ചായിരുന്നു അപകടം.

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കഴക്കൂട്ടം സ്വദേശി രതീഷിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെ കഴക്കൂട്ടം മിഷന്‍ ആശുപത്രിക്കു സമീപത്തുവെച്ചായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു എം.എം മണിയുടെ വാഹനം. എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തില്‍ വെച്ചാണ് കാല്‍നട യാത്രക്കാരനെ എംഎല്‍എയുടെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. പിന്നീട് എംഎൽഎയുടെ കാർ കഴക്കൂട്ടം പോലീസ് കൊണ്ടുപോവുകയായിരുന്നു.