സ്പ്രിങ്ക്ളര്‍ കരാർ: രോഗങ്ങളുടെ വ്യാപാരികള്‍ക്ക് കേരളത്തെ പറുദീസയാക്കുന്നു; മുഖ്യമന്ത്രിക്ക് ജനങ്ങളുടെ ആശങ്കയകറ്റാനാവുന്നില്ല: എം.എം ഹസന്‍

Jaihind News Bureau
Sunday, April 19, 2020

M.M-Hassan

 

തിരുവനന്തപുരം : സ്പ്രിങ്ക്ളര്‍ ഡാറ്റാ കൈമാറ്റത്തിലൂടെ വ്യക്തികളുടെ സമ്മമില്ലാതെ സ്വകാര്യ വിവരങ്ങള്‍ അനര്‍ഹരുടെ കൈകളില്‍ എത്തുന്നതിന്‍റെ ഭവിഷ്യത്തുകളെ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍.

സ്പ്രിങ്ക്ളര്‍ ഇടപാടിലെ ദുരൂഹതകള്‍ പ്രതിപക്ഷനേതാവ് പുറത്ത് വിട്ടതിന് പിന്നാലെ കരാറിലെ ഞെട്ടിക്കുന്ന അഴിമതിയും ക്രമക്കേടുമാണ് മറനീക്കി പുറത്തുവരുന്നത്. നമ്മുടെ രാജ്യത്ത് ഡാറ്റാ പ്രൊട്ടക്ഷന്‍ ആക്ട് നിലവില്‍ വാരാത്ത സാഹചര്യത്തില്‍ സ്പ്രിങ്ക്ളര്‍ ഇടപാട് ധൃതിപിടിച്ച് നടപ്പിലാക്കിയത് ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് വ്യക്തമാണ്. 2019 സെപ്റ്റംബറില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ‘ദ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍’ മാര്‍ച്ചില്‍ പാസാക്കേണ്ടിയിരുന്നതാണ്. നിര്‍ദിഷ്ട ബില്ലില്‍ ഡാറ്റാ സംരക്ഷണത്തിനുള്ള കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ പ്രതിസന്ധിമൂലം ലോക്‌സഭ നേരത്തെ പിരിഞ്ഞതിനാല്‍ ബില്ല് പാസാക്കാനായില്ല. ഈ സാഹചര്യം മുതലെടുത്ത് നടത്തിയ ഡാറ്റാ കൈമാറ്റത്തെ ഉത്തരവാദിത്തമുള്ള ഏതൊരു പൗരനും സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂവെന്നും ഹസന്‍ പറഞ്ഞു.

ഡാറ്റയിലെ വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ എത്രമാത്രം വിലയുള്ളതാണെന്ന് ജനം മനസിലാക്കി കഴിഞ്ഞു. ഡാറ്റാ മൈനിംഗ്, ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങിയ സാധ്യതകള്‍ ഉപയോഗിച്ച് കുത്തക കമ്പനികള്‍ക്ക് കോടികള്‍ കൊയ്യാനുള്ള അവസരം ഒരുക്കികൊടുക്കുകയാണ് ഡാറ്റാ കൈമാറ്റത്തിലൂടെ സര്‍ക്കാര്‍ നല്‍കിയതെന്നും എം.എം ഹസന്‍ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നുകമ്പനികളുടെ ഉപഭോക്താക്കളുള്ള സംസ്ഥാനമാണ് കേരളം. ഔഷധ കമ്പനികളും ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും ഉള്‍പ്പടെയുള്ളവരെ സഹായിക്കാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറിന് നല്‍കിയ കരാറിനെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ആകില്ല.

കൊറോണ വൈറസില്‍ നിന്നും കേരളത്തെ രോഗവിമുക്തമാക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് രോഗങ്ങളുടെ വ്യാപാരികള്‍ക്ക് കേരളത്തെ പറുദീസയാക്കി കൊടുത്തത്. പുരകത്തുമ്പോള്‍ വാഴവെട്ടുന്നത് പോലെയാണ് സ്പ്രിങ്ക്ളര്‍ ഇടപാടെന്നും ഹസന്‍ പരിഹസിച്ചു.