വനിതാ നേതാവിനോട് മോശം പെരുമാറ്റം ; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി

Jaihind Webdesk
Wednesday, September 15, 2021

 

കൊല്ലം : എൽഡിഎഫ് ഘടക കക്ഷിയിലെ വനിതാ നേതാവിനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സിപിഎം കൊല്ലം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം ക്ലാപ്പന സുരേഷിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വനിതാ നേതാവിനോട് അശ്ലീല ചുവയിൽ സുരേഷ് നടത്തിയ ഫോൺ സംഭാഷണം പുറത്തുവരുകയും ഇവർ സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തതോടെയാണ് നടപടി.

ഇടതുമുന്നണിയിലെ ഘടക കക്ഷിയുടെ ജില്ലാ വൈസ് പ്രസിഡന്‍റായ വനിതാ നേതാവിനോട് അശ്ലീല ചുവയിൽ കൊല്ലം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗമായ ക്ലാപ്പാന സുരേഷ് നടത്തിയ ടെലിഫോൺ സംഭാഷണമാണ്സിപിഎമ്മിൽ വീണ്ടും സ്ത്രീപീഡന വിവാദമുയർത്തുന്നത്. വനിതാനേതാവ് തെളിവുകൾ സഹിതം സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകി. പിന്നാലെ കെഎസ്കെടിയു ഏരിയാ സെക്രട്ടറിയും ക്ലാപ്പന മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന ക്ലാപ്പന സുരേഷിനെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ക്ലാപ്പന ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

മുൻ പ്രധാനമന്ത്രിമാരെ വരെ മോശക്കാരായി ചിത്രികരിച്ചും സ്ത്രീത്വത്തെ അപമാനിച്ചും വനിതാ നേതാവിനെ വരുതിയിലാക്കാൻ സുരേഷ് നടത്തിയ ടെലിഫോൺ സംഭാഷണം പുറത്തുവന്നത് സിപിഎമ്മിന് ഏറെ മാനക്കേടായി മാറിയിരിക്കുകയാണ്. അശ്ലീല ഉപമകൾ നിറഞ്ഞ വർണ്ണനകളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച സിപിഎം നേതാവിനെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.