സ്വപ്നയ്ക്ക് മന്ത്രിപുത്രന്‍ വിരുന്നൊരുക്കി : ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ; ചോദ്യം ചെയ്തേക്കും

Jaihind News Bureau
Monday, September 14, 2020

 

തിരുവനന്തപുരം : സര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് മന്ത്രിയുടെ മകന്‍ വിരുന്നൊരുക്കിയെന്ന വിവരം പുറത്ത്. ഇതിന്‍റെ വിശദാംശങ്ങള്‍ക്കായി കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചു. സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്‍റെ ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ വിരുന്ന് സത്ക്കാരത്തിന്‍റെ വിശദാംശങ്ങള്‍ തേടുന്നത്. 2018 ൽ തിരുവനന്തപുരത്തെ ഹോട്ടലിലായിരുന്നു മന്ത്രിപുത്രന്‍ സ്വപ്നയ്ക്ക് വിരുന്നൊരുക്കിയത്.

മന്ത്രിയുടെ മകന്‍റെ പാസ്പോര്‍ട്ടിലെ പ്രശ്നം പരിഹരിച്ചതിനായിരുന്നു വിരുന്ന് സത്ക്കാരം. അന്ന് കോൺസുലേറ്റിലായിരുന്ന സ്വപ്നാ സുരേഷ് ഇടപെട്ടായിരുന്നു യു.എഇ.യിലെ വിസാ കുരുക്ക് പരിഹരിച്ചത്. വിരുന്നിൽ തലസ്ഥാനത്തെ മറ്റൊരു സി.പി.എം പ്രമുഖന്‍റെ ദുബായിലുള്ള മകനുള്‍പ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്നാ സുരേഷിന് പരിചയപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ഈ വിരുന്ന് സത്ക്കാരത്തിന് പിന്നാലെയാണ് 2019 ൽ ലൈഫ് മിഷൻ കരാറിൽ മന്ത്രിയുടെ മകൻ ഇടനിലക്കാരനായതെന്നാണ് സൂചന. വിരുന്ന് സത്ക്കാരത്തിന്‍റെ ദൃശ്യങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മകനെയും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.