തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എംആര്‍ അജിത്കുമാറിന്റെ കൂടിക്കാഴ്ചയും തുടര്‍ വിവാദങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കണമെന്ന് ശക്തമായ നിലപാട് എടുക്കുന്ന സിപിഐയുടെ മന്ത്രിമാരും ഈ വിഷയം ഉന്നയിച്ചില്ല. ഇന്നത്തെ യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉണ്ടായിരുന്നില്ല. നേരത്തെ സിപിഐ സംസ്ഥാന നേതൃത്വം ശക്തമായി വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ സിപിഐ മന്ത്രിമാരും വിഷയത്തില്‍ മൗനം പാലിക്കുകയാണുണ്ടായത്.
എഡിജിപിയുടെ ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ ശക്തമായി നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട സിപിഐയുടെ മന്ത്രിമാര്‍ എന്തുകൊണ്ടാണ് മൗനം പാലിച്ചത് എന്ന് വ്യക്തമായിട്ടില്ല. ഇന്ന് വൈകിട്ട് മൂന്നു മണിക്ക് എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാകും. പിവി അന്‍വര്‍ ഉന്നയിച്ച് ആരോപണങ്ങളും മുന്നണി യോഗത്തില്‍ ചര്‍ച്ചയാകും.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കല്‍ മാത്രമാണ് അജന്‍ഡക്ക് പുറത്തുള്ള വിഷയമായി യോഗത്തില്‍ വന്നത്. ആരും ഉന്നയിക്കാത്തതിനാല്‍ മറ്റ് വിഷയങ്ങളൊന്നും ചര്‍ച്ചയായില്ല.