ക്ഷീരകർഷകർക്ക് ഒരു കോടി രൂപയുടെ ആശ്വാസവുമായി മിൽമ എറണാകുളം മേഖല യൂണിയൻ

Jaihind News Bureau
Friday, April 10, 2020

കൊവിഡ് കാലത്ത് ക്ഷീരകർഷകർക്ക് ഒരു കോടി രൂപയുടെ ആശ്വാസവുമായി മിൽമ എറണാകുളം മേഖല യൂണിയൻ. ക്ഷീര കർഷക ക്ഷേമനിധി ബോർഡിൽ അംഗമല്ലാത്ത ക്ഷീര കർഷകർക്ക് മേഖലാ യൂണിയൻ്റെ പ്രഖ്യാപനം വലിയ ആശ്വാസമായിരിക്കും.

കൊവിഡ് 19 ദുരിതാശ്വാസമായി ക്ഷീരകർഷകർക്ക് അവർ മിൽമക്ക് നൽകുന്ന ഓരോ ലിറ്റർ പാലിനും ഏപ്രില്‍ 15 മുതൽ മെയ് 14 വരെ ഒരു രൂപ അധികമായി നൽകുവാനാണ് എറണാകുളം മേഖലാ യൂണിയൻ്റെ തീരുമാനം. നിലവിൽ ക്ഷേമനിധി ബോർഡംഗങ്ങൾക്ക് മാത്രമായി ലിറ്ററിന് ഒരു രൂപയുടെ സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എറണാകുളം മേഖല യൂണിയൻ ക്ഷേമനിധി ബോർഡംഗങ്ങൾക്ക് മാത്രമല്ല എല്ലാ ക്ഷീര കർഷകർകർക്കും ലിറ്ററിന് ഒരു രൂപ അധികം നൽകുമെന്ന് ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു.

38000 ത്തോളം ക്ഷീരകർഷകർക്ക് ആശ്വാസം നൽകുന്നതാണ് എറണാകുളം മേഖലാ യൂണിയൻ്റെ പ്രഖ്യാപനം. സംഘം ജീവനക്കാർക്ക് ഇക്കാലയളവിൽ പാലിന് അടിസ്ഥാനമായി ലിറ്ററിന് 10 പൈസ വരെ ആശ്വാസമായി നൽകാനും തീരുമാനമുണ്ട്. കാർഷിക മേഖലയിൽ കൂട്ടായ തകർച്ച നേരിടേണ്ടി വന്നിട്ടും ഓൺലൈൻ പാൽ വിതരണം , ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പ്രത്യേക വാഹനങ്ങൾ തുടങ്ങി പാൽ വിൽപ്പനയിൽ പുത്തൻമാർഗങ്ങൾ സ്വീകരിച്ചു കൊണ്ട് വിൽപ്പന വർധിപ്പിക്കാനും – അതുവഴി എറണാകുളം മേഖലയിൽ ക്ഷീരകർഷകർക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പാൽ മിൽമക്ക് നൽകുവാനും സാധിച്ചുവെന്നും ചെയർമാൻ പറഞ്ഞു.