അച്ഛന്‍റെ പാതയില്‍ വിജയക്കുതിപ്പുമായി ഷൂമാക്കറുടെ മകൻ മിക്ക്

Jaihind Webdesk
Monday, October 15, 2018

അച്ഛൻ വിജയക്കുതിപ്പ് നടത്തി 28 വർഷങ്ങൾക്ക് ശേഷം അതേ ട്രാക്കിലേക്ക് മകനും യൂറോപ്യൻ ഫോർമുല 3 കിരീടം സ്വന്തമാക്കി ഷൂമാക്കറുടെ മകൻ മിക്ക്. എഫ് ത്രീയിൽ ജേതാവായതോടെ മിക്കിന് തുറന്നത് ഫോർമുല വൺ മത്സരത്തിന്റെ വാതിൽ

ലോക കാറോട്ട മത്സരങ്ങളിലെ ഇതിഹാസമെന്ന് അറിയപ്പെട്ടിരുന്ന മൈക്കൽ ഷൂമാക്കറിന് ഇത് അഭിമാന നിമിഷമാണ്. ഷൂമാക്കറുടെ പാതയിൽ തന്നെ ലോകത്തിന് മുൻപിൽ പുതു ചരിത്രം എഴുതുമെന്ന് തെളിയിക്കുകയാണ് മകൻ മിക്ക് ഷൂമാക്കർ. യൂറോപ്യൻ ഫോർമുല 3 മത്സരത്തിൽ കിരീടം നേടിയാണ് മിക്ക് ലോകത്തിന് മുൻപിൽ പ്രകടന മികവ് കാഴ്ചവച്ചത്.

അഞ്ച് വർഷങ്ങൾക്ക് മുൻപ് 2013ൽ സ്‌കീയിങ് അപകടത്തിൽ ഷൂമാക്കർ മരണത്തോളമെത്തിയിരുന്നു. അതീവ ഗുരുതരമായാണ് ഷൂമാക്കറിന് അപകടത്തിൽ പരുക്കേറ്റത്. നാളേറെ പിന്നിട്ടിട്ടും ഇദ്ദേഹം ജീവിതത്തിലേക്ക് തിരികെ എത്തിയിട്ടില്ല. ഫോർമുല 3 യിൽ ജേതാവയതോടെ അടുത്ത സീസണിൽ മിക്കിന് ഫോർമുല 1 മൽസരത്തിൽ പങ്കെടുക്കാം.

ഏഴുതവണ ഫോർമുല 1 ചാംപ്യനായ അച്ഛന്‍റെ ട്രാക്കിലേക്കു മകനും എത്തുന്നു. 1990 ലാണ് അച്ഛൻ ഷൂമാക്കർ എഫ് 3 ചാംപ്യനാകുന്നത്.1994 ൽ ആദ്യത്തെ എഫ് 1 കിരീടം നേടി. 2013 ഡിസംബറിൽ ഫ്രാൻസിൽ സ്‌കീയിങ് ചെയ്യുന്നതിനിടെ അപകടത്തിൽപെട്ടു ഗുരുതര പരുക്കേറ്റ മൈക്കൽ ഷൂമാക്കറെ അതിനുശേഷം ലോകം കണ്ടിട്ടില്ല.