‘ചൗക്കീദാര്‍’ വിവാദം കടല്‍ കടക്കുന്നു ; ദുബായില്‍ ബി ജെ പി – ആര്‍ എസ് എസ് അനുഭാവികളുടെ ആഗോള ഉച്ചകോടി ?

B.S. Shiju
Tuesday, April 2, 2019

ലക്ഷ്യം തിരഞ്ഞെടുപ്പ് ഫണ്ട് എന്ന് ആക്ഷേപം : രാഷ്ട്രീയം ഇല്ലെന്ന് സംഘാടകര്‍

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ദുബായില്‍ ബി ജെ പി – ആര്‍ എസ് എസ് അനുഭാവികളുടെ ഗ്‌ളോബല്‍ എന്‍ ആര്‍ ഐ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ഹം ബീ ചൗക്കീദാര്‍ ഹേ എന്ന പേരിലാണ് , ഈ ആഗോള പ്രവാസീ ഭാരതീയ ഉച്ചകോടി ഒരുക്കുന്നത്. അതേസമയം, അയ്യായ്യിരം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് രാഷ്ട്രീയം ഇല്ലെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.

ഇന്ത്യയില്‍ ലോകസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ്, പ്രഥമ ഗ്‌ളോബല്‍ എന്‍ ആര്‍ ഐ സമ്മിറ്റ് എന്ന പേരില്‍, ഈ പ്രത്യേക യോഗം സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി, വിവിധ രാജ്യങ്ങളിലെ, ബി ജെ പി – ആര്‍ എസ് എസ് അനുഭാവികളെ , ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തിലാണ് ഈ സമ്മേളനമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. അതിനാല്‍ തന്നെ , പതിവ് ഗ്‌ളോബല്‍ മീറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, സമ്മേളനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തത് , ഹം ബീ ചൗക്കീദാര്‍ ഹേ ( ഞങ്ങളും കാവല്‍ക്കാരാണ് )എന്ന പേരാണ്. ഏപ്രില്‍ 5 ന് വെള്ളിയാഴ്ച, ദുബായ് സ്‌പോര്‍ട്‌സ് സിറ്റിയിലെ ദി ഡോമിലാണ് പരിപാടി. കര്‍ണ്ണാടക സ്വദേശിയും ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയുമായ ഡോക്ടര്‍ ബി ആര്‍ ഷെട്ടിയാണ്, ഉച്ചകോടിയുടെ രക്ഷാധികാരി. എന്നാല്‍, പരിപാടിയില്‍ രാഷ്ട്രീയം ഇല്ലെന്ന് സംഘാടകര്‍, ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടു.

അതേസമയം, ഉച്ചകോടിയ്്ക്ക് രാഷ്ട്രീയം ഇല്ലെന്ന് സംഘാടകര്‍ അവകാശപ്പെട്ടെങ്കിലും, എന്ത് കൊണ്ട്, ഒരു വിവാദമായ പേര് പരിപാടി തിരഞ്ഞെടുത്തു എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നു. എന്നാല്‍, അത് നല്ല പേരാണെന്നാണ് ലഭിച്ച മറുപടി. ഒപ്പം, എല്ലാ പ്രവാസികളും മാതൃരാജ്യത്തിന്റെ കാവല്‍ക്കാര്‍ ആണെന്നും നരേന്ദ്ര മോദിയുടെ സുഹൃത്ത് കൂടിയായ സ്വാമി പരമാത്മാനന്ദ സരസ്വതി പറഞ്ഞു. അതേസമയം, ആരാണ് പരിപാടി നടത്തുന്നതെന്നെ് വാര്‍ത്താക്കുറുപ്പില്‍ കൃത്യമായി പറഞ്ഞിരുന്നില്ല. മാത്രവുമല്ല, ഇതോടനുബന്ധിച്ചുള്ള മറ്റു ക്ഷണക്കത്തുക്കളില്‍, എന്‍ ആര്‍ ഐ ഗ്‌ളോബല്‍ ബിസിനസ് സമ്മിറ്റ് എന്ന പേരാണ്, സംഘാടകര്‍ ഉപയോഗിച്ചത്. എന്നാല്‍, വാര്‍ത്താക്കുറിപ്പില്‍ , ബിസിനസ് എന്ന പദം ഒഴിവാക്കി. ഒപ്പം, ഹം ബീ ചൗക്കീദാര്‍ ഹേ എന്ന മുദ്രാവാക്യവും ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം, ഇന്ത്യയും യുഎഇയും തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട ചരിത്ര സന്ദര്‍ശനങ്ങളും വ്യാപാര കരാറുകളും നില്‍നില്‍ക്കേ , കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണനേട്ടം മാത്രമാണ്, ഇതോടനുബന്ധിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ അടിവരയിട്ട് പറഞ്ഞത്. ഇതും ഉച്ചക്കോടിയ്ക്ക് പിന്നിലെ രാഷ്ട്രീയ നിറം വ്യക്തമാക്കുന്നു.