കേരളത്തില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ നിഗൂഢ നീക്കം ; സമുദായ, രാഷ്ട്രീയ സംഘടനകളുടെ യോഗം വിളിക്കണം: കെ സുധാകരന്‍

Jaihind Webdesk
Monday, September 13, 2021

തിരുവനന്തപുരം : ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പിലാക്കാനുള്ള നിഗൂഢ നീക്കത്തിനെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ആലസ്യം വിട്ട് ഉണരണമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി. കേരളത്തിന്‍റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമം ചില കേന്ദ്രങ്ങള്‍ നടത്തുന്നു. അതിന്റെ ഭാഗമാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തീവ്ര നിലപാടുകള്‍ ചാലിച്ച് നിരന്തരം ചര്‍ച്ചയാക്കുന്നത്.

കേരള ജനതയുടെ മതേതര ബോധത്തിനും ഐക്യത്തിനും നിരക്കാത്ത പ്രവൃത്തികളാണ് സമീപകാലത്ത് വര്‍ഗീയ ശക്തികള്‍ നടത്തുന്നത്.ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ പ്രശ്‌നം പരിഹരിക്കാനും സമുദായങ്ങളെ തമ്മിലടിപ്പിച്ച് ബിജെപി നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാനും സര്‍വ്വകക്ഷി യോഗവും സാമുദായിക മതമേലധ്യക്ഷന്‍മാരുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ തകർന്നു പോയ ബിജെപി ഇത് മറ്റൊരു സുവർണാവസരമായാണു കാണുന്നത്. ഒരു വിഭാഗം ന്യൂനപക്ഷത്തിൽ നുഴഞ്ഞു കയറി കരുത്താർജിക്കാനാണ് ബി ജെ പിയുടെ ശ്രമം. ഒഡീസയിൽ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിനെയും അദ്ദേഹത്തിൻ്റെ രണ്ട് പിഞ്ചു കുട്ടികളെയും തീയിട്ടു കൊന്നതും വയോധികനായ ഫാ സ്റ്റാൻ സ്വാമിയെ കള്ളക്കേസിൽ കുടുക്കി ഇല്ലാതാക്കിയതുമായ നിരവധി ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതൊക്കെ മൂടിവച്ചാണ് ഇപ്പോൾ ആട്ടിൻതോലണിഞ്ഞ് സംഘപരിവാർ ശക്തികൾ കേരളത്തിൽ ന്യൂനപക്ഷങ്ങളെ മാടി വിളിക്കുന്നത്.

സംസ്ഥാനത്തിന്റെ ഐക്യത്തെ ബാധിക്കുന്ന ഗുരുതരസ്ഥിതിയിലേക്ക് നീങ്ങിയിട്ടും സര്‍ക്കാരും മുഖ്യമന്ത്രിയും അപകടകരമായ മൗനത്തിലാണ്. ഗോവ ഗവര്‍ണര്‍ ആദ്ദേഹം വഹിക്കുന്ന പദവി മറന്ന് എരിതീയില്‍ എണ്ണപകരുന്നു. ഇതൊന്നും അംഗീകരിക്കാനാവില്ല. മതേതരബോധത്തെ എന്തുവില കൊടുത്തും സംരക്ഷിക്കേണ്ട ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ കടമകളില്‍ നിന്നും ഒളിച്ചോടുന്നത് ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. സാമുദായിക മത സ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനകളും പ്രവൃത്തികളും ഒഴിവാക്കാന്‍ ജനാധിപത്യ മതേതര ബോധമുള്ള നാം ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.