മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, November 5, 2022

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് പരാതി നല്‍കിയത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പരാതിയിൽ പറയുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാന്‍ ലിസ്റ്റ് ചോദിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിക്കു കത്തയച്ചത് വിവാദമായിരുന്നു.

തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ അയച്ച കത്ത് പുറത്തായതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നടപടി. കത്തു പുറത്തായതിനു പിന്നാലെ മേയർക്കും സിപിഎമ്മിനുമെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

കോര്‍പറേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസും ബിജെപിയും നടത്തിയ പ്രതിഷേധപ്രകടനങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. കോർപറേഷനിലെ നിയമനങ്ങൾ പാർട്ടിക്ക് തീറെഴുതി നൽകിയ മേയർ രാജിവയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി എന്ന സ്ഥാനത്തേക്ക് മേയർ എത്തി. കോർപറേഷനിൽ ഇതുവരെ നടന്ന എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്നും യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഷാഫി പറഞ്ഞു.