യു.പിയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി നേരിടും; കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ത്ഥിച്ച് മായാവതി

Jaihind Webdesk
Sunday, May 5, 2019

ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ ബി.ജെ.പി വിയര്‍ക്കുകയാണ്. കോണ്‍ഗ്രസിനെ ശത്രുപക്ഷത്ത് നിര്‍ത്തിയിരുന്ന ബി.എസ്.പി അധ്യക്ഷ മായാവതി തന്നെ ഇപ്പോള്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച് രംഗത്തുവന്നത് ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ്. ബി.എസ്.പിയുടെസഖ്യകക്ഷികളായ എസ്.പിയും ആര്‍.എല്‍.ഡിയും നേരത്തെ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് വേണമെന്നും ആവശ്യപ്പെട്ടതായിരുന്നു. ഈ രണ്ട് കക്ഷികളും കോണ്‍ഗ്രസിനോട് മൃദുസമീപനമാണ് യു.പിയില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ മായാവതിയുടെ കടുത്ത നിലപാട് ആയിരുന്നു കോണ്‍ഗ്രസ് മഹാസഖ്യത്തില്‍ ഇല്ലാതെ പോകാന്‍ കാരണം. എന്നാല്‍ മായാവതി ഇപ്പോള്‍ നയം വ്യക്തമാക്കിക്കൊണ്ട് കോണ്‍ഗ്രസിന് വോട്ട് ചോദിച്ചിരിക്കുന്നു. കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയ മായാവതിയുടെ നടപടി ബി.ജെ.പി നേതൃത്വത്തെയാണ് ഞെട്ടിച്ചിരിക്കുന്നത്.

യു.പിയിലെ മഹാസഖ്യം ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയതിന് പുറമെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യവും യു.പിയുടെ രാഷ്ട്രീയഭൂമിയെ ഉഴുതുമറിച്ചിരിക്കുകയാണ്. മായാവതിയെ തള്ളി അഖിലേഷ് യാദവിന്‍റെ എസ്.പി കോണ്‍ഗ്രസിനൊപ്പം പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമായിരുന്നു യു.പിയില്‍ പ്രസംഗിച്ചത്. ഇതിന് പിന്നാലെയാണ് മായാവതി ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂല നിലപാടുമായി രംഗത്തുവന്നിട്ടുള്ളത്. റായ്ബറേലിയിലും അമേത്തിയിലും എല്ലാ ബി.എസ്.പി പ്രവര്‍ത്തകരും കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മായാവതി അഭ്യര്‍ത്ഥിച്ചു. മോദി ഭിന്നിപ്പിച്ച് ഭരിക്കാനാണ് ശ്രമിക്കുന്നതെന്നും മായാവതി പറഞ്ഞു. മതേതര വോട്ടുകള്‍ ഭിന്നിക്കില്ലെന്നും തങ്ങള്‍ ഒറ്റക്കെട്ടായി ബി.ജെ.പിയെ നേരിടുമെന്നും കഴിഞ്ഞ ദിവസം യു.പിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മായാവതി വ്യക്തമാക്കിയിരുന്നു.