യു.പിയിലെ മഹാസഖ്യം തകരുന്നു; തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അഖിലേഷിന്റെ നടപടികളെന്ന് മായാവതി

Jaihind Webdesk
Monday, June 3, 2019


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിക്ക് സമാജ് വാദി പാര്‍ട്ടിയെ പഴിച്ച്് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറാനുള്ള സാധ്യതയും മായാവതി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സൂചന നല്‍കി.
അഖിലേഷ് യാദവിന്് തന്റെ ഭാര്യ ഡിമ്പിള്‍ യാദവിന്റെ വിജയം പോലും ഉറപ്പിക്കാനാകാത്തതില്‍ മായാവതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കനൗജ് മണ്ഡലത്തില്‍ 12,000ത്തിലധികം വോട്ടുകള്‍ക്കാണ് ഡിമ്പിള്‍ യാദവ് പരാജയപ്പെട്ടത്. യാദവ വിഭാഗത്തിന്റെ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിന് അഖിലേഷിനോ സമാജ് വാദി പാര്‍ട്ടിക്കോ സാധിക്കാത്തതാണ് ബി.ജെ.പിയുടെ വിജയത്തിലേക്ക് നയിച്ചതെന്നും മായാവതി യോഗത്തില്‍ ആരോപിച്ചു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായുള്ള സഹകരണം അവസാനിപ്പിച്ച് വെവ്വേറെ മത്സരിക്കുക എന്നതാണ് മായാവതിയുടെ ലക്ഷ്യമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ കടുത്ത നടപടികളുമായാണ് മായവാതി മുന്നോട്ടുപോകുന്നത്. രണ്ട് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമാരെയും തെരഞ്ഞെടുപ്പ് സമിതി നേതാക്കളെയും പുറത്താക്കിയിരുന്നു. ഉത്തരാഖണ്ഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒറീസ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സമിതി നേതാക്കളെയാണ് കഴിഞ്ഞ പുറത്താക്കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 10 സീറ്റുകളാണ് ബി.എസ്.പി നേടിയത്. എസ്.പിക്ക് ലഭിച്ച അഞ്ച് സീറ്റുകള്‍ ബി.എസ്.പിയുടെ സഹകരണത്തില്‍ മാത്രമാണ് ലഭിച്ചതെന്നും മായാവതി പറഞ്ഞു. മഹാസഖ്യത്തിന് 38 സീറ്റുകളാണ് തെരഞ്ഞെടുപ്പില് നേടിയത്. കൂടുതല്‍ തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങള്‍ക്ക് ശേഷം ഇനിയും പാര്‍ട്ടിതല നടപടികള്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടി അധികൃതര്‍ നല്‍കുന്ന സൂചന.