കണ്ണൂർ സിപിഎമ്മിൽ കൂട്ട നടപടി; 15 പേർക്ക് പരസ്യ ശാസന, രണ്ട് പേർക്ക് സസ്പെൻഷൻ

Jaihind Webdesk
Saturday, August 14, 2021

 

കണ്ണൂർ : മന്ത്രി എം.വി ഗോവിന്ദന്‍റെ ഭാര്യയും ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണുമായ പി.കെ ശ്യാമളയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച 17 സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ അച്ചടക്ക നടപടി.
രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് നടപടി. 15 പേരെ പരസ്യമായി ശാസിക്കാനും രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്യാനുമാണ് തീരുമാനം. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമ സാജന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ സിപിഎം പ്രാദേശിക നേതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.ഈ പോസ്റ്റിന് ലൈക്ക് അടിച്ചവര്‍ക്കും കമന്‍റ് ഇട്ടവര്‍ക്കുമെതിരെയാണ് നടപടി.

പി.കെ ശ്യാമള നഗരസഭ ചെയര്‍പേഴ്‌സണായിരിക്കെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമ സാജന്‍ ആത്മഹത്യ ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ ആന്തൂര്‍ മേഖലയിലെ പ്രാദേശിക നേതാവ് നവമാധ്യമത്തില്‍ ടീച്ചര്‍ക്കെതിരെ പോസ്റ്റിട്ടത് വിവാദമായിരുന്നു. ഈ പോസ്റ്റിന് ലൈക്ക് അടിച്ചവര്‍ക്കും കമന്‍റ് ഇട്ടവര്‍ക്കുമെതിരെ ശ്യാമള ടീച്ചര്‍ തെളിവ് സഹിതം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാൻ എ.എന്‍ ഷംസീര്‍ എംഎല്‍എ ചെയര്‍മാനായി കമ്മീഷനെ വെച്ചു. കമ്മീഷന്‍ വിശദമായ തെളിവെടുപ്പും മൊഴിയെടുപ്പും നടത്തിയതിന് ശേഷമാണ് റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിക്ക് നല്‍കിയത്. അതിനിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വന്നതിനാല്‍ നടപടി റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍ , പി ജയരാജന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി, കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതോടെയാണ് നടപടി പ്രാബല്യത്തില്‍ വന്നത്.

ജില്ലാ കമ്മിറ്റി അംഗീകരിച്ച നടപടി തളിപ്പറമ്പ ഏരിയ കമ്മിറ്റിയും അംഗീകരിച്ചതോടെ ലോക്കല്‍ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഏരിയ കമ്മിറ്റിക്ക് കീഴില്‍ ഈ ആഴ്ച നടക്കുന്ന എല്ലാ ബ്രാഞ്ച് യോഗങ്ങളിലും നടപടി വിശദീകരിക്കും. രണ്ട് ഏരിയ കമ്മിറ്റിയംഗങ്ങള്‍, ആന്തൂര്‍ നഗരസഭയിലെ കഴിഞ്ഞ ഭരണസമിതിയിലെ അംങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് നടപടി. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും 15 പേരെ പരസ്യമായി ശാസിക്കാനുമാണ് തീരുമാനിച്ചത്. കുറ്റ്യേരി, തളിപ്പറമ്പ, ആന്തൂര്‍, മോറാഴ, ബക്കളം, കോടല്ലൂര്‍ ലോക്കല്‍ അതിര്‍ത്തിയില്‍പ്പെട്ടവര്‍ക്കെതിരെയാണ് നടപടി. ആന്തൂർ നഗരഭരണത്തില്‍ ശ്യാമള ടീച്ചർക്കൊപ്പം പ്രധാന പദവി വഹിച്ചവര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ അടുത്തമാസം തുടങ്ങാനിരിക്കെയാണ് കൂട്ട നടപടി എന്നതും ശ്രദ്ധേയമാണ്.