മോദിയെ മാറ്റണമെന്ന് ബി.ജെ.പി കര്‍ഷകനേതാവ് കിഷോര്‍ തിവാരി

Jaihind Webdesk
Wednesday, December 19, 2018

അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പു തോല്‍വിയില്‍ ബി.ജെ.പിയുടെ അടിത്തറയിളകി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനമുയര്‍ത്തി ബി.ജെ.പി അനുകൂല കര്‍ഷക നേതാവ് കിഷോര്‍ തിവാരി. അടുത്ത തെരെഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ മാറ്റി നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യമാണ് തിവാരി മുന്നോട്ടു വെച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് അദ്ദേഹം ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനും ജനറല്‍ സെക്രട്ടറി ഭയ്യാജിജോഷിക്കും കത്ത് നല്‍കി. പ്രധാനമന്ത്രി മോദി മുംബൈയിലെത്തുന്ന ദിവസം തന്നെ ഇത്തരത്തിലൊരു നീക്കം തിവാരി നടത്തിയത് ശ്രദ്ധേയമാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷകക്ഷേമപദ്ധതിയുടെ അധ്യക്ഷനെന്ന നിലയില്‍ ക്യാബിനറ്റ് പദവിയുള്ള തിവാരിയുടെ നീക്കം ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

ഏകാധിപത്യ പ്രവണതയുള്ള നേതാക്കള്‍ ഭരണതലപ്പത്തും രാഷ്ട്രീയ നേതൃത്വത്തിലും വരുന്നത് രാജ്യത്തിനും സമൂഹത്തിനും അപകടമാണെന്നും ഇത്തരം നേതാക്കളെ മാറ്റി ഗഡ്കരിയെ ചുമതലയേല്‍പ്പിക്കണമെന്നും ആര്‍.എസ്.എസ് നേതൃത്വത്തിന് നല്‍കിയ കത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്നു. നോട്ടു നിരോധനവും അപക്വമായി നടപ്പാക്കിയ ജി.എസ്.ടിയുമാണ് ഭരണപരാജയത്തിനും തെരെഞ്ഞെടുപ്പു തോല്‍വിക്കും കാരണമായതെന്നും ഇവ വന്‍ദുരന്തമാണ് പൊതുസമൂഹത്തില്‍ വിതച്ചതെന്നും തിവാരി കത്തില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ തിവാരിയെ കര്‍ഷകക്ഷേമത്തിനായി രൂപീകരിച്ച വസന്ത് റാവു നായിക് ശ്വേതി സ്വാവലംബന്‍ മിഷന്റെ അധ്യക്ഷനായി സര്‍ക്കാര്‍ പദവിയിലിരിക്കുന്ന തിവാരി പ്രധാനമന്ത്രി വിമര്‍ശിച്ചത് ബി.ജെ.പി നേതൃത്വത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മന്ത്രിക്ക് തുല്യമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന തിവാരി അടുത്ത തെരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് ബി.ജെ.പിക്കുള്ളിലെ കടുത്ത ഭിന്നതയാണ് തുറന്നുകാട്ടുന്നത്.