സാമ്പത്തികമാന്ദ്യം: മോദി സർക്കാർ സമയം പാഴാക്കുന്നു, അടിയന്തര ഇടപെടല്‍ വേണം: നിർദേശങ്ങളുമായി ഡോ. മന്‍മോഹന്‍ സിംഗ്

Jaihind Webdesk
Thursday, September 12, 2019

manmohan-singh

രാജ്യത്തിന്‍റെ സാമ്പത്തിക രംഗം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയില്‍ മോദി സർക്കാരിനെ വീണ്ടും വിമർശിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. കേന്ദ്രം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇപ്പോഴത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിന്ന് കരകയറാൻ വർഷങ്ങൾ തന്നെ വേണ്ടിവന്നേക്കാമെന്നും ഡോ മൻമോഹൻ സിംഗ് പറഞ്ഞു.

യു.പി.എ സർക്കാരിന്‍റെ കാലത്ത് ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമായിരുന്നപ്പോഴും ഇന്ത്യ എങ്ങിനെയാണ് മാതൃകപരമായ നയങ്ങൾ സ്വീകരിച്ചത് എന്നത് ഓർമപ്പെടുത്തികൊണ്ടാണ് മൻമോഹൻ സിംഗ് മോദി സർക്കാരിനെ വിമർശിച്ചത്. രാജ്യത്തെ തൊഴില്ലില്ലായ്മാ നിരക്ക് വർധിച്ചതും ജി.ഡി.പി വളർച്ചാ നിരക്ക് താഴോട്ടുപോയതും സർക്കാരിന്‍റെ സാമ്പത്തിക നയങ്ങളുടെ പ്രതിഫലനമാണ്.

ഹ്രസ്വകാലത്തേക്ക് നഷ്ടമുണ്ടാകുമെങ്കിലും ജി.എസ്.ടി നിരക്കുകൾ ഏകീകരിക്കണം. കാർഷികമേഖല പുനരുദ്ധരിക്കണം. ഗ്രാമീണമേഖലയിൽ വാങ്ങൽ ശേഷി കൂട്ടാൻ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണലഭ്യത കുറയുന്നത് ഗൗരവത്തോടെ കാണണം. പൊതുമേഖലാ ബാങ്കുകൾ മാത്രമല്ല, മറ്റ് ധനകാര്യ സ്ഥാപനങ്ങളും പണലഭ്യതയില്ലാത്തതിന്‍റെ പ്രതിസന്ധി നേരിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെക്സ്‌റ്റൈൽ, വാഹനമേഖല, ഇലക്ട്രോണിക്സ് രംഗം, നിർമാണ മേഖല പോലെ വലിയ തോതിൽ തൊഴിൽ സൃഷ്ടിക്കാൻ കഴിയുന്ന മേഖലകൾ പുനരുജ്ജീവിപ്പിക്കണം. ഇതിനായി വായ്പകൾ ലഭ്യമാക്കണം. അമേരിക്കയും ചൈനയും തമ്മിൽ വ്യാപാര യുദ്ധം നടക്കുന്നതിനാൽ പുതിയ കയറ്റുമതി വിപണികൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കണം മൻമോഹൻ സിംഗ് പറഞ്ഞു. രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നു എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ എൻ.ഡി.എ സർക്കാർ തയാറാകുന്നില്ല എന്നത് ഏറെ ഖേദകരമാണ് എന്നും മൻമോഹൻ സിംഗ് പറഞ്ഞു. ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ആവശ്യമെന്നും സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കാതെ സർക്കാർ സമയം പാഴാക്കുകയാണെന്നും ഡോ മൻമോഹൻ സിംഗ് കുറ്റപ്പെടുത്തി.

teevandi enkile ennodu para