ദുബായിലും ‘മാളികപ്പുറം’ വിജയാഘോഷം; നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍; നേടിയെടുത്ത പോരാട്ടമെന്ന് നിര്‍മ്മാതാവ്; നല്ല ഉള്ളടക്കമെങ്കില്‍ താരശക്തി ഘടകമല്ലെന്ന് വിതരണക്കാര്‍

JAIHIND TV DUBAI BUREAU
Monday, February 6, 2023

ദുബായ് : മാളികപ്പുറം സിനിമയുടെ ടീം ദുബായില്‍ വിജയാഘോഷം നടത്തി. ജനുവരി 5 ന് മിഡില്‍ ഈസ്റ്റില്‍ ഉടനീളം റിലീസ് ചെയ്ത സിനിമയുടെ അഞ്ചാം ആഴ്ചയിലാണ്, ദുബായില്‍ ആഘോഷം ഒരുക്കിയത്. സിനിമയില്‍ പോലീസ് ഓഫീസറായി വേഷമിട്ട ഉണ്ണി മുകുന്ദനുള്‍പ്പടെയുള്ളവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. ശബരിമല ക്ഷേത്രം സന്ദര്‍ശിക്കാനുള്ള , 8 വയസ്സുകാരിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ സഹായിക്കുന്നതാണ് കഥ.

ഉണ്ണി മുകുന്ദന്‍, ദേവ നന്ദ, ശ്രീപത്, ആല്‍ഫി എന്നിവര്‍ക്കൊപ്പം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്, സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, ഫാര്‍സ് ഫിലിം ചെയര്‍മാന്‍ അഹമ്മദ് ഗോള്‍ചിന്‍, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഉണ്ണി മുകുന്ദന്‍ നന്ദി പറഞ്ഞു. നിര്‍മ്മാണത്തിനിടയിലെ വെല്ലുവിളികളും കാലതാമസങ്ങളും ഫലവത്താകുകയും, റിലീസിന് ശേഷം അത് നേടിയെടുത്ത പോരാട്ടത്തിന്‍റെ ഫലമാണ് ഈ വിജയമെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പറഞ്ഞു. ലോക സിനിമ മികച്ച ഉള്ളടക്കത്തിനായി തിരയുകയാണെന്നും, പ്രേക്ഷകരെ സിനിമയിലേക്ക് നയിക്കാന്‍ ഉള്ളടക്കമുണ്ടെങ്കില്‍, താര ശക്തി ഘടകമല്ലെന്ന് ഇത് തെളിയിച്ചതായി ഫാര്‍സ് ഫിലിംസ് ചെയര്‍മാന്‍ അഹ്മദ് ഗോല്‍ചിന്‍ പറഞ്ഞു. വിവിധ കലാപരിപാടികളും സിനിമയുടെ അണിയറപ്രവര്‍ത്തകരെ ആദരിക്കലും കേക്ക് മുറിക്കലും ഇതോടൊപ്പം നടന്നു.