മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏകദിന ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു

Saturday, July 27, 2019

മലപ്പുറം  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ  ക്യാമ്പ് എക്സിക്യുട്ടീവ്    സമാപിച്ചു. തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ഏകദിന ക്യാമ്പ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിനിധി സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും ഉദ്ഘാടനം ചെയ്തു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും പാർട്ടിയെ താഴെ തട്ടു മുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം ഡി.സി.സിയുടെ ‘ലക്ഷ്യം 2020’  എന്ന ക്യാമ്പ് എക്സിക്യുട്ടീവ് സംഘടിപ്പിച്ചത്.

കോൺഗ്രസിൻറ മണ്ഡലം പ്രസിഡൻറുമാർ, ബ്ലോക്ക് പ്രസിഡന്‍റുമാർ, ഡി.സി.സി ഭാരവാഹികൾ, ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ, പോഷക സംഘടനകളുടെ ജില്ലാ സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പ് എക്സിക്യുട്ടീവിൽ പങ്കെടുത്തു. തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് കെ.പി.സി.സി  പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്‍റെ രക്തം കുടിക്കുന്ന കഴുകൻമാരായി ഇടതുപക്ഷം മാറിയെന്നുംഅഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞതാണ് സംസ്ഥാനഭരണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ വരുംദിവസങ്ങളിൽ സംഘടിപ്പിക്കാൻ  ക്യാമ്പിൽ തീരുമാനമായി.