കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മഹിളാമാള്‍ അടച്ചുപൂട്ടുന്നു ; പെരുവഴിയിലായി നൂറുകണക്കിന് വനിതാ സംരംഭകർ ; പരാതി നല്‍കിയിട്ടും നടപടിയില്ല

Jaihind News Bureau
Thursday, August 27, 2020

 

കോഴിക്കോട് : ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതാ മാൾ എന്ന പേരിൽ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കോഴിക്കോട്ടെ മഹിളാ മാൾ അടച്ചു പൂട്ടുന്നു. 100 കണക്കിന് വനിതാ സംരംഭകരാണ് ഇതോടെ പെരുവഴിയിലായത്. കോഴിക്കോട് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന മഹിളാ മാൾ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് തൊഴിലാളികൾ.

വലിയ വാഗ്ദാനങ്ങൾ നൽകി ഭീമമായ തുക അഡ്വാൻസ് ആയും വാടകയായും നൽകി ലക്ഷക്കണക്കിന് രൂപ മുടക്കി ഇന്‍റീരിയർ പണികളും പൂർത്തീകരിച്ച് മാളുകളിലെ ഷോപ്പുകൾ പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാക്കുന്നതിനു മുമ്പാണ് മാൾ അടച്ചു പൂട്ടാനുള്ള മാനേജ്മെന്‍റിന്‍റെ തീരുമാനം. ലോക്ക്ഡൗൺ കാലത്ത് സർക്കാർ നിർദേശ പ്രകാരം അടച്ചുപൂട്ടിയ മാൾ പിന്നീട് തുറന്നു പ്രവർത്തിച്ചില്ല. അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്ന് തുറന്നു പ്രവർത്തിക്കാനുള്ള ദിവസം പലതവണ നീട്ടി. പദ്ധതിയിൽ നിന്ന് പിന്മാറുന്നതായും 30 ദിവസത്തിനകം കടകൾ ഒഴിഞ്ഞുനൽകണമെന്നും അറിയിച്ച് വക്കീൽ നോട്ടീസ് എത്തി. ഇതോടെ സംരംഭകർ പ്രത്യക്ഷ സമരത്തിന് തയാറാക്കുകയായിരുന്നു.

100 കണക്കിന് സ്ത്രീകൾ ജോലി ചെയ്യുന്ന മഹിളാ മാൾ പൂർവാധികം ശക്തിയോടെ തുറന്നു പ്രവർത്തിക്കണമെന്നാണ്‌ ഇവരുടെ ആവശ്യം. സർക്കാർ പദ്ധതി എന്ന പേരിൽ പ്രവർത്തനം തുടങ്ങിയിട്ടും മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവർക്കും പരാതി നൽകിയിട്ടും ആരോഗ്യകരമായ ചർച്ചയ്ക്ക് പോലും ആരും തയാറാകുന്നില്ല എന്നും ഇവർ ആരോപിക്കുന്നു.