മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വീണ്ടും ജയം ; ബി.ജെ.പിക്ക് തിരിച്ചടി

Jaihind News Bureau
Tuesday, December 10, 2019

മഹാരാഷ്ട്രയില്‍ വീണ്ടും വിജയം ആവർത്തിച്ച് കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യം. ബി.ജെ.പിയെ പരാജയപ്പെടുത്തി പശ്ചിമ വിഭര്‍ഭയിലെ അമരാവതി ജില്ലയിലെ രണ്ട് മുനിസിപ്പല്‍ കൗണ്‍സിലുകളാണ് മഹാ വികാസ് അഗാഡി സഖ്യം സ്വന്തമാക്കിയത്. സർപഞ്ച് തെരഞ്ഞെടുപ്പിൽ പർളിയിലെ സിര്‍സല പഞ്ചായത്തിലും സഖ്യം വിജയം ആഘോഷിച്ചു.

മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന മത്സരത്തില്‍ രണ്ടെണ്ടവും കോണ്‍ഗ്രസ് സഖ്യം സ്വന്തമാക്കി. ധമാംഗവോണ്‍ റെയില്‍വേ, തിവ്‌സ മുനിസിപ്പല്‍ കൗണ്‍സിലുകളാണ് കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം നേടിയത്. ചന്ദൂര്‍ റെയില്‍വേ കൗണ്‍സില്‍ മാത്രമാണ് ബി.ജെ.പിക്ക് നിലനിർത്താനായത്.

ബീഡിലെ പര്‍ളിയില്‍ ത്രികക്ഷി സഖ്യ സ്ഥാനാര്‍ത്ഥി സര്‍പഞ്ച് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി മികച്ച വിജയം നേടി. കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി സഖ്യസ്ഥാനാർത്ഥി അഷ്‌റുബായ് കിരാവാലെ ബി.ജെ.പിയുടെ ആശാബായ് ചോപഡെയെ പരാജയപ്പെടുത്തിയത്.ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ സിര്‍സല പഞ്ചായത്ത് സര്‍പഞ്ച് സ്ഥാനത്തേക്കാണ് മഹാവികാസ് അഗാഡിയുടെ വിജയം.