Maharashtra Govt formation: ബി.ജെ.പിക്ക് തടയിടാന്‍ ശരദ് പവാര്‍; 23നുവേണ്ടി പരക്കം പാഞ്ഞ് ഫഡ്‌നാവിസ്

Jaihind Webdesk
Sunday, November 10, 2019

Sharad-Pawar

മഹാരാഷ്ട്രയില്‍ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചെങ്കിലും ബി.ജെ.പി അത്ര സന്തോഷത്തിലല്ല. പാര്‍ട്ടി ഇതുവരെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി എട്ട് മണി വരെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബിജെപിക്ക് സമയം അനുവദിച്ചിരിക്കുന്നത്.

23 എംഎല്‍എമാരുടെ കൂടി പിന്തുണ ലഭിച്ചാല്‍ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ സാധിക്കുകയുളളൂ. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ബിജെപി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചിരിക്കുകയാണ്. അതിനിടെ ബിജെപി അധികാരത്തില്‍ എത്തുന്നത് തടയാന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ മറുനീക്കവും നടക്കുന്നുണ്ട്. ബിജെപിയെ ഞെട്ടിക്കുന്ന നീക്കം പ്രതിപക്ഷത്ത് നിന്നുണ്ടായേക്കും എന്നാണ് സൂചനകള്‍.

288 അംഗ നിയമസഭയില്‍ 105 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുളളത്. 17 സ്വതന്ത്ര എംഎല്‍എമാരും തങ്ങളെയാണ് പിന്തുണയ്ക്കുന്നത് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ അതുകൊണ്ട് ബിജെപിക്ക് 145 എന്ന മാന്ത്രിക സഖ്യ തൊടാനാകില്ല. അതിന് 23 എംഎല്‍എമാര്‍ കൂടി വേണം. ചാക്കിട്ട് പിടുത്തം ഒഴിവാക്കാന്‍ ശിവസേനയും കോണ്‍ഗ്രസും മുൻകരുതലുകളെടുത്തിട്ടുണ്ട്.

ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചെങ്കിലും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ ബിജെപി പരാജയപ്പെടും എന്നാണ് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയായ ശിവസേനയെ ആവും ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുക. അങ്ങനെ വന്നാല്‍ ശിവസേനയെ എന്‍സിപി പിന്തുണച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കുന്നത് സംബന്ധിച്ച അന്തിമ തീരുുമാനം ചൊവ്വാഴ്ച നടക്കുന്ന എന്‍സിപി നിയമസഭാ കക്ഷി യോഗത്തില്‍ കൈക്കൊണ്ടേക്കും. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം 161 സീറ്റുകളാണ് നേടിയത്. സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടതില്‍ കൂടുതല്‍ സീറ്റുകള്‍ ഈ സഖ്യത്തിനുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്കസേര വിട്ട് കൊടുക്കാന്‍ ബിജെപി വിസമ്മതിച്ചതോടെയാണ് ശിവസേന ഇടഞ്ഞത്. സര്‍ക്കാരുണ്ടാക്കാനുളള ഗവര്‍ണറുടെ ക്ഷണം ബിജെപി സ്വീകരിച്ചാല്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും.

നിലവിലെ സാഹചര്യത്തില്‍ വിശ്വാസം തെളിയിക്കാന്‍ ബിജെപിക്ക് സാധിക്കില്ല. സഭയില്‍ ശിവസേന എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്യുമോ എന്നറിയേണ്ടതുണ്ടെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറയുന്നു. സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ശിവസേന എതിരായി വോട്ട് ചെയ്യുകയാണ് എങ്കില്‍ അവരുടെ സര്‍ക്കാര്‍ രൂപീകരണശ്രമത്തെ പിന്തുണച്ചേക്കും എന്നും എന്‍സിപി വക്താവ് വ്യക്തമാക്കി. ചൊവ്വാഴ്ചത്തെ എംഎല്‍എമാരുടെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. അതിനിടെ സമാന്തര സര്‍ക്കാരുണ്ടാക്കും എന്ന് ശിവസേന ആവര്‍ത്തിക്കുകയാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കായില്ലെങ്കില്‍ ശിവസേന സര്‍ക്കാരുണ്ടാക്കുമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.