മധു വധക്കേസ് നേരത്തേ പരിഗണിക്കാന്‍ തീരുമാനം; നടപടി ഹൈക്കോടതി ഇടപെടലിനെ തുടർന്ന്

Jaihind Webdesk
Thursday, February 10, 2022

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ മധു വധക്കേസ് നേരത്തേ പരിഗണിക്കാൻ തീരുമാനം. ഫെബ്രുവരി 18 ന് കേസ് പരിഗണിക്കും. നേരത്തേ മാർച്ച് 26 ലേക്കായിരുന്നു കേസ് മാറ്റിയിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി.

2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ട വിചാരണയിലെ ക്രൂര മര്‍ദ്ദനത്തെ തുടർന്ന് മധു കൊല്ലപ്പെട്ടത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കേസിലെ പ്രതികൾക്ക് ഇന്ന് ഡിജിറ്റൽ തെളിവുകളും കുറ്റപത്രവും കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. കുറ്റപത്രവും ഡിജിറ്റൽ തെളിവുകളും പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതിയാണ് കേസ് പരിഗണിക്കുക.