ഡിലോയിറ്റ് രാജ്യാന്തര പട്ടികയില്‍ ലുലു ഗ്രൂപ്പും ; പട്ടികയില്‍ ഇടംനേടിയ ഏക മലയാളി ബ്രാന്‍ഡ് ലുലു മാത്രം

Jaihind News Bureau
Tuesday, August 11, 2020

ദുബായ് : പ്രമുഖ ഓഡിറ്റ് – റിസര്‍ച്ച് സ്ഥാപനമായ ഡിലോയിറ്റ് ആഗോള  റീട്ടെയില്‍ മേഖലയിലെ മുന്‍നിര കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഇതില്‍ യു.എ.ഇ-യിലെ  റീട്ടെയില്‍ മേഖലയില്‍ നിന്നും രണ്ട് സ്ഥാപനങ്ങള്‍ ഇടം നേടി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റും,  മാജിദ്  അല്‍ ഫുത്തൈം ഗ്രൂപ്പിന്‍റെ  ക്യാരിഫോറുമാണ് റീട്ടെയില്‍ കമ്പനികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത്.

അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടാണ് പട്ടികയില്‍ മുന്‍നിരയില്‍. അമേരിക്കന്‍ കമ്പനികളായ  കോസ്റ്റ്‌കോ ഹോള്‍സെയില്‍ കോര്‍പ്പറേഷന്‍, ആമസോണ്‍, ജര്‍മ്മന്‍ കമ്പനിയായ ഷ്വാര്‍സ് ഗ്രൂപ്പ്, അമേരിക്കന്‍ കമ്പനിയായ ദ ക്രോഗര്‍ കമ്പനി എന്നിവയാണ് പട്ടികയില്‍ മുന്‍നിരയിലുള്ള മറ്റ് സ്ഥാപനങ്ങള്‍.  പ്രമുഖ സ്വീഡിഷ് ഫര്‍ണ്ണിച്ചര്‍ കമ്പനിയായ ഐക്കിയ, ഇന്ത്യയിലെ റിലയന്‍സ് റീട്ടെയ്ല്‍ എന്നിവരും പട്ടികയിലുണ്ട്.

ആഗോള റീട്ടെയ്ല്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച മലയാളി ഉടമസ്ഥതയിലുള്ള  ഏക ബ്രാന്‍ഡും ലുലു മാത്രമാണ്. അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലായി കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടാണ്.  യു.എ.ഇ.യില്‍ മാത്രം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 8 മുതല്‍ 12 വരെ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. കൊവിഡ് മൂലം ആഗോള വാണിജ്യ മേഖല മന്ദഗതിയിലാകുമ്പോള്‍  മുന്നോട്ടുള്ള പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ലുലു ഗ്രൂപ്പ്.