ദുബായ് ബുര്‍ജ് ഖലീഫയിലും ലുലു മിന്നി തിളങ്ങി ; ഒരു മലയാളിയുടെ നേട്ടത്തില്‍ ആദ്യമായി തല ഉയര്‍ത്തി ‘ലോകാത്ഭുതം’ ; ലുലുവിന് ഇരുനൂറാമത് ആഘോഷം

Elvis Chummar
Saturday, February 20, 2021

ദുബായ് : പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ ലുലുവിന്‍റെ ഇരുന്നൂറാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് ആഘോഷത്തിന്‍റെ ഭാഗമായി ലോകാത്ഭുതമായ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ ലുലു മിന്നിതിളങ്ങി. ലോകത്തെ വിവിധ രാജ്യങ്ങളിലായി ലുലു ഗ്രൂപ്പ് ആരംഭിച്ച 200 സ്ഥാപനങ്ങളുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആയിരുന്നു ചടങ്ങ്. ഇത് ആദ്യമായാണ് ഒരു മലയാളി ഉടമസ്ഥതയിലുള്ള ബിസിനസ് ഗ്രൂപ്പ് ബുര്‍ജ് ഖലീഫയില്‍ വ്യത്യസ്തമായ ആഘോഷം ഒരുക്കിയത്.

ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ലുലു ഗ്രൂപ്പിന്‍റെ ഉന്നതര്‍ ബുര്‍ജ് ഖലീഫയില്‍ എത്തി. ലുലുവിന്‍റെ ലോഗോയോക്ക് പുറമേ മലയാളത്തില്‍ നന്ദിയെന്നും എഴുതി കാണിച്ചു. നേരത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും മറ്റും  ഇന്ത്യന്‍ ദേശീയ പതാക ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ മലയാളി സമൂഹത്തിന് ഏറെ അഭിമാനമായി ഇത് ആദ്യമായാണ് ഈ ലോകാത്ഭുതം ഒരു മലയാളിയുടെ നേട്ടത്തിന് മാത്രമായി പ്രകാശിക്കുന്നത്.

തന്‍റെ പെറ്റമ്മ നാടിനൊപ്പം പോറ്റമ്മ നാടിന്‍റെ ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായ പ്രമുഖനുമായ എം.എ യൂസഫലി നന്ദി രേഖപ്പെടുത്തി. ഈജ്പിത്തിലെ കെയ്‌റോയില്‍ ഫെബ്രുവരി എട്ടിനാണ് ലുലു തങ്ങളുടെ ഇരുനൂറാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. ലോകമെങ്ങും ഇനിയും വന്‍ വികസനമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. മലയാളികള്‍ ഉള്‍പ്പടെ 58,000 ജീവനക്കാരാണ് ലുലു ഗ്രൂപ്പിന് കീഴിലായി ജോലി ചെയ്യുന്നത്.