കശ്മീര്‍ ആപ്പിളുകള്‍ നവംബര്‍ ഒന്നു മുതല്‍ ആദ്യമായി മിഡില്‍ ഈസ്റ്റ് വിപണിയിലേക്ക്; യാഥാര്‍ഥ്യമാക്കിയത് ലുലു ഗ്രൂപ്പ്

Jaihind News Bureau
Saturday, October 19, 2019

ദുബായ് : പ്രശസ്തമായ കശ്മീര്‍ ആപ്പിളുകള്‍, ആദ്യമായി മിഡില്‍ ഈസ്റ്റ് വിപണിയിലേക്ക് എത്തുന്നു. പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇതുസംബന്ധിച്ച് ധാരണയില്‍ എത്തി. ഇപ്രകാരം, യുഎഇ വിപണി ലക്ഷ്യമിട്ടുളള 200 ടണ്‍ ആപ്പിള്‍, ഈ മാസം അവസാനത്തോടെ രാജ്യത്ത് എത്തുമെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ ലുലുവിന്റെ 180 ലധികം വരുന്ന ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെയാണ് ഇത് വിപണിയില്‍ എത്തുക. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എ വി ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കശ്മീരില്‍ എത്തി, ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ആപ്പിളിന് പുറമെ, കുങ്കുമം,  അരി, വാല്‍നട്ട്, പയര്‍വര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും കശ്മീരില്‍ നിന്ന് വൈകാതെ യുഎഇ വിപണിയില്‍ എത്തിയ്ക്കാനുളള ശ്രമത്തിലാണ് ലുലു ഗ്രൂപ്പ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍, കശീമീരി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഗള്‍ഫ് വിപണിയില്‍ എത്തിയ്ക്കാന്‍ തയ്യാറാണെന്ന് വ്യവസായി എം എ യൂസഫലി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ച കൂടിയാണ് ഈ പുതിയ തുടക്കം.