ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഷാര്‍ജ മുവൈലയില്‍ തുറന്നു : ഹൈ പവര്‍ മത്സര കേന്ദ്രമായി മുവൈല മേഖല ; ഉപഭോക്താക്കാക്കള്‍ക്ക് ആശ്വാസമായി വന്‍ വിലക്കുറവ്

B.S. Shiju
Sunday, January 17, 2021

ലുലു ഗ്രൂപ്പിന്‍റെ 198-മത് ഹൈപ്പര്‍മാര്‍ക്കറ്റ് ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍ അല്‍ ഒവൈസ് ഷാര്‍ജ മുവൈലയില്‍ ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, ലുലു ഡയറക്ടര്‍ എം .എ. സലീം, ലുലു ഷാര്‍ജ റീജിയണല്‍ ഡയറക്ടര്‍ നൗഷാദ് എം.എ എന്നിവര്‍ സമീപം.

ഷാര്‍ജ ( യുഎഇ ) : ലുലു ഗ്രൂപ്പിന്റെ 198-മത്  ഹൈപ്പര്‍ മാര്‍ക്കറ്റ് , ഷാര്‍ജ മുവൈലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഷാര്‍ജ ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍ അല്‍ ഒവൈസ്, 2021 ലെ  ലുലു ഗ്രൂപ്പിന്റെ  ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികളും സ്വദേശികളും താമസിക്കുന്ന ഈ മേഖലയില്‍, ലുലുവിന്റെ വരവോടെ, ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരം ശക്തമായി. ഈ മേഖലയില്‍ മാത്രം ഗള്‍ഫിലെ നിരവധി ഹൈപ്പര്‍ മാര്‍ക്കറ്റ്-സൂപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ, ഉപഭോക്താക്കാക്കള്‍ക്ക് കൊവിഡ് കാലത്ത് ആശ്വാസകരമായ വിലക്കുറവാണ് ലഭിക്കുന്നത്.

” നവീന ഷോപ്പിംഗ് അനുഭവമെന്ന് എം എ യൂസഫലി “

നാല് നിലകളിലായി, 1,70,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍, അമ്പതോളം ഷോറൂം സൗകര്യങ്ങളുമായി, ആധുനിക രീതിയിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റും മാളും തുറന്നത്.  രാജ്യാന്തര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള, വിശാലമായ ഫുഡ് കോര്‍ട്ട്, എക്‌സ്‌ചേഞ്ച്, ജ്വല്ലറി, ഫാര്‍മസി തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2021 ലെ  ലുലു ഗ്രൂപ്പിന്റെ  ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റാണ്, ഷാര്‍ജ  മുവൈലയില്‍ തുറന്നത്. മുവൈലയിലെയും സമീപ പ്രദേശങ്ങളിലെയും സ്വദേശികള്‍ക്കും താമസക്കാര്‍ക്കും നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും ഇത് നല്‍കുകയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.

 

” വന്‍ വിലക്കുറവിന്‍റെ കേന്ദ്രമെന്ന് എം എ അഷ്‌റഫലി “

ഷാര്‍ജ മുവൈലയില്‍ വന്‍ വിലക്കുറവുമായി, ആകര്‍ഷകമായ ഓഫറാണ് ലുലു പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫലി മാധ്യമങ്ങളോട് പറഞ്ഞു. ലുലു ഡയറക്ടര്‍ എം .എ. സലീം, ദുബായ് ഡയറക്ടര്‍ ജെയിംസ് കെ വര്‍ഗീസ്,  ഷാര്‍ജ റീജിയണല്‍ ഡയറക്ടര്‍ നൗഷാദ് എം.എ,  ലുലു കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

യു.എ.ഇ.യില്‍ 2 വര്‍ഷത്തിനുള്ളില്‍ 20 ഹൈപ്പര്‍മാര്‍ക്കറ്റ്

കോവിഡ്  സാഹചര്യത്തിലും  കൂടുതല്‍ ഹൈപര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഈ കോമേഴ്‌സ് സ്റ്റോറുകള്‍ ഉള്‍പ്പെടെ 12 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, വിവിധ രാജ്യങ്ങളിലായി  തുറന്നു.  യു.എ.ഇ.യില്‍ മാത്രം  അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരുപതിലധികം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും. ഷാര്‍ജ ബുത്തീന, സംനാന്‍, ദുബായ് സിലിക്കോണ്‍ ഒയാസിസ്,  സത്‌വ, മന്‍കൂല്‍, സൂഖ് വര്‍സാന്‍, ദുബായ് സൗത്ത്, അബുദാബി റിയാദ് സിറ്റി, അല്‍ വത്ബ   തുടങ്ങിയവ ഉള്‍പ്പെടെയാണിത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും വാണിജ്യ വ്യവസായ മേഖലകളില്‍ കൂടുതല്‍ ഉണര്‍വ് പ്രകടമാണ്.