ഇത് ഹൈടെക്ക് താമസ സമുച്ചയം : ജിനേഷ്യം മുതല്‍ സലൂണ്‍ വരെ ; പ്രാര്‍ത്ഥാനാലയം മുതല്‍ ഫുട്ബോള്‍ കളിക്കളം വരെ ; ജീവനക്കാര്‍ക്ക് അത്യാധുനിക താമസ സൗകര്യങ്ങളുമായി ലുലു ഗ്രൂപ്പ് 

B.S. Shiju
Wednesday, July 22, 2020

 

അബുദാബി : ലുലു ഗ്രൂപ്പിന് കീഴിലെ ജീവനക്കാര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച താമസ കെട്ടിട സമുച്ചയം അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അബുദാബിയിലെ മുസഫയിലുള്ള ഐക്കാഡ് സിറ്റിയിലാണ് വിശാലമായ ഈ കെട്ടിട സമുച്ചയം പണിതുയര്‍ത്തിയത്. പതിനായിരത്തില്‍പ്പരം ജീവനക്കാര്‍ക്ക് വിശാലമായി താമസിക്കാനുള്ള സജ്ജീകരണങ്ങളുമായുള്ള താമസസമുച്ചയം തുറന്നു.

ആകെ ഇരുപത് കെട്ടിടങ്ങള്‍ ; 11 എണ്ണവും താമസിക്കാന്‍

10.32 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമാണ് സമുച്ചയത്തിന്‍റെ ആകെ വലിപ്പം. ഇതിനുള്ളില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഇരുപത് കെട്ടിടങ്ങള്‍ ഉണ്ട്. ഇതില്‍ മൂന്ന് നിലകളിലായി നിര്‍മിച്ച 11 കെട്ടിടങ്ങള്‍ ജീവനക്കാര്‍ക്ക് മാത്രം താമസിക്കാനുള്ളതാണ്.  ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ഉല്ലാസങ്ങള്‍ക്കായും കായിക വിനോദങ്ങള്‍ക്കുള്ള മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

“ഭരണാധികാരികള്‍ക്ക് നന്ദി പറഞ്ഞ് എം.എ യൂസഫലി”

ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട്ട സമുച്ചയം നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ച അബുദാബി ഭരണാധികാരികള്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി നന്ദി പറഞ്ഞു. ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന  താമസ സമുച്ചയങ്ങള്‍ മറ്റ് നഗരങ്ങളിലും  രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ദുബായിലെ താമസ സമുച്ചയത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. ജി.സി.സി രാജ്യങ്ങള്‍ ഉള്‍പ്പെടെ  കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വരും നാളുകളില്‍  ആരംഭിക്കുമെന്നും എം.എ യൂസഫലി അറിയിച്ചു.

ഫുട്‌ബോള്‍ മൈതാനം മുതല്‍ അത്യാധുനിക ജിനേഷ്യം വരെ

ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട് തുടങ്ങിയ ഔട്ട്ഡോര്‍ കായിക ഇനങ്ങള്‍ക്കും, ടേബിള്‍ ടെന്നിസ് ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ ഇനങ്ങള്‍ക്കും വിശാലമായ സൗകര്യമുണ്ട്. കൂടാതെ അത്യാധുനിക സൗകര്യങ്ങളുള്ള ജിനേഷ്യവും ഒരുക്കിയിട്ടുണ്ട്. കേന്ദ്രീകൃത അടുക്കള, ഭക്ഷണം കഴിക്കുന്നതിനായി രണ്ട് നിലകളിലായുള്ള വിശാലമായ ഹാള്‍, അത്യാധുനിക ലോണ്‍ഡ്രി എന്നിവയും സജ്ജീകരിച്ചു. കഫെറ്റീരിയ, റസ്റ്റോറന്‍റ്, സലൂണ്‍ എന്നിവയും ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. വിശാലമായ പള്ളിയും അങ്കണവും ഹെല്‍ത്ത് ക്ലിനിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നു. സി.സി ടി.വി ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനവും ഇവിടത്തെ പ്രത്യേകതകളാണ്.