റമസാനില്‍ ആരും പട്ടിണി കിടക്കരുത് : ഷെയ്ഖ് മുഹമ്മദിന്‍റെ ജനകീയ പദ്ധതിയില്‍ എം എ യൂസഫലിയും ; ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കും

Jaihind News Bureau
Friday, April 24, 2020

ദുബായ് : ഒരു കോടി പേര്‍ക്ക് ഭക്ഷണം നല്‍കാന്‍, യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച പദ്ധതിയില്‍, പ്രമുഖ വ്യവസായിയും, ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി പങ്കാളിയായി. ഇതനുസരിച്ച്, പത്ത് ലക്ഷം ദിര്‍ഹം യൂസഫലി സംഭാവന ചെയ്തു. ഇപ്രകാരം, ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഇതുവഴി അദേഹം ഭക്ഷണം ഉറപ്പാക്കി.

റമസാനിലും കൊവിഡ് പ്രതിസന്ധി മൂലം ദുരിതം അനുഭവിച്ച്, ആരും പട്ടിണി കിടക്കരുതെന്ന വലിയ ലക്ഷ്യവുമായുള്ള ജനകീയ പദ്ധതിയാണിത്. ഇതില്‍ പങ്കാളിയായ, ആദ്യ ഇന്ത്യന്‍ വ്യവസായി കൂടിയാണ് എം എ യൂസഫലി. കുറഞ്ഞ വരുമാനക്കാരെ  ലക്ഷ്യമിട്ടാണ് ഈ ജനകീയ പദ്ധതി ആരംഭിച്ചത്. യുഎഇ ഫുഡ് ബാങ്കുമായി സഹകരിച്ച്, 10 മില്യണ്‍ മീല്‍സ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.