ബി.പി.സി.എൽ സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ കൊച്ചി ബിപിസിഎല്ലിലേക്ക് ലോങ്ങ് മാർച്ച്

Jaihind News Bureau
Monday, November 25, 2019

ബിപിസിഎൽ സ്വകാര്യവൽക്കരിക്കുവാനുള്ള കേന്ദ്രസർക്കാറിന്‍റെ നീക്കത്തിനെതിരെ എറണാകുളം ഡിസിസി സംഘടിപ്പിച്ച ലോങ്ങ്‌മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. തൃപ്പൂണിത്തുറ പേട്ടയിൽ നിന്നും ആരംഭിച്ച മാർച്ച് അമ്പലമുകൾ ബിപിസിഎൽ കമ്പനിയുടെ മുന്നിൽ സമാപിക്കും. പ്രമുഖ നേതാക്കൾ ഉൾപ്പടെയുള്ളവർ മാർച്ചിൽ അണിനിരക്കുന്നുണ്ട്.

1991 മുതൽ നാളിതുവരെ കേന്ദ്ര സർക്കാർ “എക്സലന്‍റ്’ റേറ്റിങ്‌ കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്‌ ബിപിസിഎൽ. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ വ്യവസായ സ്ഥാപനം. ലോകത്തിൽ തന്നെ ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന 500 സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടി അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഈ സ്ഥാപനത്തെയാണ് നിസാരതുകയ്ക്ക് വിറ്റ്തുലയ്ക്കാൻ മോദി സർക്കാർ തയാറെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ബിപിസിഎൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചുവരികയാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ 24 ശതമാനം ബിപിസിഎല്ലിന്റേതാണ്. 5000 കോടി രൂപയിലധികം വാർഷികലാഭം നേടുന്ന കമ്പനികളെയാണ് “മഹാരത്ന’ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. 2015 മുതൽ ബിപിസിഎൽ തുടർച്ചയായി മഹാരത്ന പദവിയിലാണ്. 13,000 സ്ഥിരം തൊഴിലാളികളും ഇരുപതിനായിരത്തിൽപ്പരം കരാർ തൊഴിലാളികളും കമ്പനിയിൽ ജോലി ചെയ്യുന്നു. പൊതുമേഖലാ കമ്പനി ആയതിനാൽ സംവരണ തത്വം പാലിച്ചുകൊണ്ടാണ് നിയമനം. പട്ടികജാതി, വർഗ, പിന്നോക്ക സമുദായങ്ങൾ എന്നിവർക്കുള്ള സംവരണം സ്വകാര്യ വ്യവസായങ്ങളിൽ നിലവിലില്ല. ബിപിസിഎല്ലിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരികൾ 53.29 ശതമാനമാണ്. അത് പൂർണമായി സ്വകാര്യ കുത്തകകൾക്ക് വിൽക്കുന്നതിലൂടെ, പൊൻമുട്ടയിടുന്ന താറാവിനെയാണ് മോഡി സർക്കാർ കൊല്ലുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.