പ്രതിഷേധ ജ്വാലയായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നയിച്ച ലോംഗ് മാര്‍ച്ച്

Jaihind News Bureau
Friday, January 24, 2020

എൻ.കെ പ്രേമചന്ദ്രൻ എം പിയുടെ മതേതര സംരക്ഷണ ലോംഗ് മാർച്ച് കൊല്ലത്ത് സമാപിച്ചു. മാർച്ചിന്‍റെ ഉദ്ഘാടനം സാഹിത്യകാരൻ ജോർജ് ഓണക്കൂർ നിർവഹിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതേതര കൂട്ടായ്മയുടെ ശക്തമായ പ്രതിഷേധമാണ് മാർച്ചിൽ ഉയർന്നത്.

ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യമുയർത്തി എൻ.കെ പ്രേമചന്ദ്രൻ എംപി നയിച്ച മതേതര സംരക്ഷണ മാർച്ചിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ ജ്വാലയാണ് അലയടിച്ചത് . മതേതരത്വം എന്ന ഭാരത പൈതൃകത്തെ മതപരമായ വിഭാഗീയത സൃഷ്ടിച്ച് തകർക്കുന്ന ബിജെപി ഗവൺമെന്‍റിനെതിരെ ഉള്ള ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം മാർച്ചിൽ ഉടനീളം ഉയർന്നു. കൊല്ലം ജില്ലയിലെ കൊട്ടിയം സിത്താര ജംഗ്ഷനിൽ പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഭരണഘടനയും മൂല്യങ്ങളും മതേതരത്വവും എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൊട്ടിയം സിത്താര ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ദേശീയ പാതയിലൂടെ കടന്നുപോയ മാർച്ചിൽ ആയിരങ്ങൾ അണി നിരന്നു .

രാത്രി എട്ട് മണിയോടെചിന്നക്കടയിൽ എത്തിയ മാർച്ചിന്‍റെ സമാപന സമ്മേളനം സിഎസ്ഐ ബിഷപ്പും ക്രിസ്ത്യൻ ചർച്ച ചെയർമാനുമായ ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്തു.