ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പറക്കാനൊരുങ്ങി പ്രവാസി കുടുംബങ്ങള്‍

Jaihind Webdesk
Sunday, July 11, 2021

ദുബായ് : ഗള്‍ഫില്‍ ബലി പെരുന്നാള്‍ പ്രഖ്യാപിച്ചതോടെ നീണ്ട അവധി ദിനങ്ങള്‍ക്കാണ് ഇനി ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കാക്കിയാല്‍ 6 ദിവസമായിരിക്കും ഈ അവധി. ഒമാനില്‍ അവധി ഒമ്പത് ദിവസം കിട്ടും.

ഗള്‍ഫിലെ സ്‌കൂളുകള്‍ വേനല്‍ക്കാല അവധിയില്‍ ആണെങ്കിലും കുടുംബത്തിലെ കുട്ടികളല്ലാത്തവര്‍ക്ക് ഇങ്ങനെ തുടര്‍ച്ചയായ അവധി ദിനങ്ങള്‍ കിട്ടുന്നത് അപൂര്‍വമായാണ്. ഇത്തവണ യുഎഇയില്‍ നാലു ദിവസമാണ് ബലി പെരുന്നാള്‍ അവധി. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കാക്കിയാല്‍ 6 ദിവസമായിരിക്കും ഈ അവധി. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഏജന്‍സികള്‍ക്കും ജൂലൈ 19 മുതല്‍ 22 വരെ അവധി ലഭിക്കും. ജൂലൈ 25 ന് ഞായറാഴ്ച മുതലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കുക.

യുഎഇയില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ഇതുപോലെ അവധി ലഭിക്കും. എന്നാല്‍ ശനിയാഴ്ച അവധി ഇല്ലാത്തവര്‍ക്ക് ആകെ അവധി അഞ്ചു ദിവസമായിരിക്കും ഈ അവധി ലഭിക്കുക. ഒമാനിലും ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 മുതല്‍ 22 വരെ പൊതു അവധിയായിരിക്കും. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെ ഒമ്പത് ദിവസം ഒമാനില്‍ തുടര്‍ച്ചയായി അവധി ലഭിക്കും. ജൂലൈ 25 ഞായറാഴ്ച ഓഫീസുകളും മറ്റും പ്രവര്‍ത്തനം പുനഃരാരംഭിക്കും. ജൂലൈ 20 നാണ് ഗള്‍ഫില്‍ ബലിപെരുന്നാള്‍. 19ന് അറഫാ ദിനം ആചരിക്കും. അതേസമയം, വിമാന സര്‍വീസ് തുറന്നാല്‍ നാട്ടിലേക്ക് യാത്ര ചെയ്യാന്‍ പ്രവാസി കുടുംബങ്ങളും ഒരുങ്ങി കഴിഞ്ഞു. വിമാന വിലക്ക് സംബന്ധിച്ച അനിശ്ചിത്വം ഉടന്‍ മാറുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.