ഫോബ്‌സിന്റെ മികച്ച ഹോട്ടല്‍ പട്ടികയില്‍ ലണ്ടനിലെ ‘ദി ഗ്രേറ്റ് സ്‌കോട്ട്‌ലന്റ് യാര്‍ഡും’ ; പട്ടികയിലെ ഏക ഇന്ത്യക്കാരന്‍ അദീബ് അഹമ്മദ്

Jaihind News Bureau
Monday, December 7, 2020

 

ദുബായ് : അമേരിക്ക കേന്ദ്രമായ ഫോബ്‌സ് മാഗസിന്‍, മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വ്യക്തികളുടെ മികച്ച ഹോട്ടല്‍ പട്ടിക പ്രഖ്യാപിച്ചു. ഈ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനായി യുവ വ്യവസായി അദീബ് അഹമ്മദ് സ്ഥാനം നേടി. മലയാളിയായ അദീബിന്റെ ഉടമസ്ഥതയിലുള്ള ലണ്ടനിലെ ദി ഗ്രേറ്റ് സ്‌കോട്ട്‌ലന്റ് യാര്‍ഡ് ഹോട്ടല്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി. ഏറെ ചരിത്ര പ്രാധാന്യമുള്ള ഹെറിറ്റേജ് ഹോട്ടലാണ് ദി ഗ്രേറ്റ് സ്‌കോട്ട്‌ലന്റ് യാര്‍ഡ്.

അദീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള അബുദാബി ആസ്ഥാനമായ നിക്ഷേപ കമ്പനിയായ ട്വന്റി 14 ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. എന്നാല്‍, ഹോട്ടലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ഹയാത്ത് ഗ്രൂപ്പാണ്. ആറു വ്യത്യസ്ത വിഭാഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് ഈ അംഗീകാരം. ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയുടെ രണ്ടാമത്തെ മകള്‍ ഷെഫീനയുടെ ഭര്‍ത്താവായ അദീബ്,  ലുലു ഇന്റര്‍നാഷ്ണല്‍ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടുന്ന ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയാണ്.