ലണ്ടന്‍ ടാക്‌സി സേവനം ഇനി ദുബായിലും ; ഫെബ്രുവരി മുതല്‍ നിരത്തിലിറങ്ങും

Jaihind News Bureau
Saturday, January 16, 2021

ദുബായ് : ലണ്ടന്‍ മാതൃകയിലുള്ള ടാക്‌സി കാര്‍ സേവനം ഇനി ദുബായിലും ആരംഭിക്കുന്നു. ഫെബ്രുവരി മാസം മുതല്‍ ഇത് നിരത്തിലിറങ്ങുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ലണ്ടന്‍ ക്യാബിന്‍ എന്ന വിളിക്കുന്ന, ആ പഴയ പ്രതാപത്തിലുള്ള, ആഡംബര ടാക്‌സി കാറുകള്‍, ഇനി ദുബായ് നിരത്തുകളിലേക്കും എത്തുകയാണ്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കീഴിലെ, ദുബായ് ടാക്‌സി കോര്‍പ്പറേഷനാണ് ഈ ടാക്‌സികളെ ദുബായിലെത്തിക്കുന്നത്. വൈദ്യതി, ഇന്ധനം എന്നിവ രണ്ടും ഉപയോഗിച്ച് , പ്രവര്‍ത്തിക്കുന്ന കാറുകളാണിത്. പകുതി വളഞ്ഞ ആകൃതിയും മികച്ച നിറവും കാറിന്റെ രാജകീയത നിലനിര്‍ത്തുന്നു.

വൈഫൈ നെറ്റ് വര്‍ക്ക് സംവിധാനം, സാറ്റലൈറ്റ് അധിഷ്ഠിത നാവിഗേഷന്‍ സിസ്റ്റം, വോയ്സ് കമാന്‍ഡ് സംവിധാനം തുടങ്ങീ നിരവധി ആധുനിക സേവനങ്ങളും ടാക്സിയിലുണ്ട്. വാഹനത്തിന്റെ മികച്ച നിയന്ത്രണത്തിനായി, വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ക്ക് യോജിച്ച രീതിയിലുള്ള, രണ്ടുതരം എഞ്ചിനുകള്‍ ഇതിന് ഗുണം ചെയ്യും. കൂടാതെ , വേഗതയേറിയ ബ്രേക്കിംഗ് സിസ്റ്റവും, അതിവേഗ ബാറ്ററി ചാര്‍ജിംഗ് സവിശേഷതയും ഗുണം ചെയ്യും. ദുബായിലെ റോഡുകള്‍ക്ക് പുറമേ, രാജ്യാന്തര വിമാനത്താവളങ്ങളിലും ലണ്ടന്‍ ടാക്‌സി സേവനം ലഭ്യമാകും.