കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറി; വന്ധ്യംകരിച്ചത് പിണറായി സർക്കാർ: രൂക്ഷവിമർശനവുമായി കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, March 5, 2023

 

തിരുവനന്തപുരം: പിണറായി സർക്കാരിനും ലോകായുക്തയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കേരളത്തിലെ ലോകായുക്ത കെട്ടുകാഴ്ചയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സർക്കാരാണ് ലോകായുക്തയെ വന്ധ്യംകരിച്ചതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ ഹിയറിംഗ് പൂര്‍ത്തിയായി ഒരു വർഷമായിട്ടും വിധി പ്രസ്താവിച്ചിട്ടില്ലെന്ന് കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.  ഹിയറിംഗ് പൂര്‍ത്തിയായാല്‍ ആറുമാസത്തിനകം വിധി പറയണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. സര്‍ക്കാരും ഗവര്‍ണറും ലോകായുക്തയും ചേര്‍ന്ന ത്രിമൂര്‍ത്തികള്‍ കേരളത്തിന്‍റെ അഴിമതി വിരുദ്ധ പോരാട്ടത്തെ ഇല്ലാതാക്കിയെന്നും സുധാകരന്‍ പറഞ്ഞു.

രോഗം, അപകടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയവയ്ക്കാണ് ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പോലീസുകാരന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ക്കു പുറമെ 20 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന അന്തരിച്ച കെ.കെ രാമചന്ദ്രന്‍നായരുടെ മകന് എന്‍ജിനീയറായി ജോലിക്കു പുറമെ സ്വര്‍ണ്ണ-വാഹന വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് 9 ലക്ഷം രൂപയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍റെ കുടുംബത്തിന് വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അനുവദിച്ച അഴിമതിയാണ് ലോകായുക്തയുടെ മുമ്പിലെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍എസ് ശശികുമാറിന്‍റെ ഇതു സംബന്ധിച്ച ഹര്‍ജി പ്രസക്തമാണെന്ന് ലോകായുക്ത തുറന്നു സമ്മതിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും വിധി പറയാത്തത് മുഖ്യമന്ത്രിയെ ഭയന്നാണെന്ന് വിമര്‍ശനമുണ്ടെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

ലോകായുക്ത നീതിയുക്തമായ തീരുമാനമെടുത്താല്‍ അത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത് തന്നെയാണെന്നു തിരിച്ചറിഞ്ഞാണ് അമേരിക്കയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് അതിവേഗം ഓര്‍ഡിനന്‍സും പിന്നീട് ബില്ലും കൊണ്ടുവന്നത്. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധിച്ചാല്‍ പൊതുസേവകന്‍റെ പദവി ആ നിമിഷം തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കി വിധിക്കെതിരേ അപ്‌ലറ്റ് അതോറിറ്റികളെ സമീപിക്കാം എന്ന ഭേദഗതി കൊണ്ടുവന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്. മുഖ്യമന്ത്രിയുടെ അപ്‌ലറ്റ് അതോറിറ്റി നിയമസഭ ആയതിനാല്‍, സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാനാകും. കെ.ടി ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ പുതിയ ബില്‍ പ്രകാരം മന്ത്രിമാരുടെ കേസുകളില്‍ മുഖ്യമന്ത്രിയാണ് അപ്‌ലറ്റ് അധികാരി. രാഷ്ട്രീയപാര്‍ട്ടികളുടെ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ ലോകായുക്തയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു.

സംസ്ഥാനത്ത് അഴിമതിക്കെതിരെ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധ്യംകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ലോകായുക്തയുടെ ചിറകരിഞ്ഞതിലൂടെ ഇല്ലാതാക്കിയതെന്ന് കെ സുധാകരന്‍ എംപി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇകെ നായനാര്‍ 1999ല്‍ തുടക്കമിട്ട ലോകായുക്തയെ പിണറായി വിജയന്‍ തന്നെ മുമ്പ് വാഴ്ത്തിപ്പാടിയിട്ടുണ്ട്. വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കേരളം കണ്ട ഏറ്റവും വലിയ വെള്ളാനയാണ്. തൊട്ടടുത്ത കര്‍ണാടകത്തിലേക്ക് ഈ വെള്ളാനയും അവരുടെ തലതൊട്ടപ്പനായ മുഖ്യമന്ത്രിയും കണ്ണോടിക്കണമെന്നും കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.