ലോകായുക്ത ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു; ജുഡീഷ്യറിയുടെ അധികാരം കവർന്നെടുക്കുന്ന നടപടിയെന്ന് പ്രതിപക്ഷം

Jaihind Webdesk
Tuesday, August 23, 2022

 

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും ലോകായുക്തയുടെ സ്വതന്ത്രാധികാരത്തെ പരിമിതപ്പെടുത്തുന്ന നിയമഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചു. ജുഡീഷ്യറിയുടെ അധികാരം എക്സിക്യൂട്ടിവ് കവർന്നെടുക്കുന്നതാണ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി നിയമമന്ത്രി പി രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബിൽ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു.

പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർത്തു. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. ലോകായുക്ത നിയമഭേദഗതി നിയമസഭയുടെ അന്തസിന് ചേരാത്ത നിയമനിര്‍മാണമാണ്.  ജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവിന് കവരാന്‍ അവസരമൊരുക്കുന്നതാണ് ഭേദഗതിയിലൂടെ കൊണ്ടുവരുന്ന നിയമനിര്‍മാണം. സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് ഈ ഭേദഗതി. ജുഡീഷ്യല്‍ സംവിധാനത്തിന്‍റെ തീരുമാനം എങ്ങനെ എക്‌സിക്യൂട്ടീവിന് തള്ളാന്‍ കഴിയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബില്ലിന്‍റെ നിയമസാധുതയേയും ഭരണഘടനാസാധുതയേയും വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബില്ലില്‍ എതിർപ്പ് അറിയിച്ചിരുന്ന സിപിഐയുടെ നിലപാട് മാറ്റത്തെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സിപിഐയുടെ ഇ ചന്ദ്രശേഖരന്‍ നായര്‍ നിയമമന്ത്രിയായിരുന്ന കാലത്തുകൊണ്ടുവന്ന നിയമനിര്‍മാണം ആണിത്. അതില്‍ മാറ്റംവരുത്തുന്നതിനെയാണ് സിപിഐ അനുകൂലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിപിഎമ്മുമായി സിപിഐ എന്ത് ധാരണയിലാണ് എത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ ലോകായുക്ത നിയമം ഭരണഘടനയ്ക്ക് എതിരാണെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നുമായിരുന്നു നിയമമന്ത്രി പി രാജീവിന്‍റെ മറുപടി.