തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ ജനവികാരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Wednesday, September 4, 2019

സമസ്തമേഖലകളിലും പൂര്‍ണ്ണമായി പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കഴിഞ്ഞ വര്‍ഷത്തെ മനുഷ്യനിര്‍മ്മിതമായ പ്രളയത്തിലും ഇപ്പോഴത്തെ പ്രകൃതിദുരന്തത്തിലും കഷ്ടത അനുഭവിക്കുന്ന നിരാലംബരോട് കാട്ടിയ അനീതിയ്ക്കും അവഗണനയ്ക്ക് എതിരെയുമുള്ള വിധിയാണിത്. ശബരിമല വിശ്വാസികളെ ആവര്‍ത്തിച്ചു വഞ്ചിച്ചതിനും ആര്‍ഭാടവും ധൂര്‍ത്തും നടത്തി നാടുമുടിച്ചതിനും ജനം നല്‍കിയ ശക്തമായ പ്രഹരമാണ് ഉപതെരഞ്ഞെടുപ്പ് ഫലം.

സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും എത്രമാത്രം ജനങ്ങളില്‍ നിന്നും അകന്നുപോയി എന്നറിയാന്‍ ഉപതെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ മതി. ശബരിമല വിഷയത്തില്‍ തെറ്റുപറ്റിയെന്ന് പറയുന്ന സിപിഎമ്മും എല്ലാം ശരിയാണെന്ന് പറയുന്ന മുഖ്യമന്ത്രിയും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുകയാണെന്ന് ജനം തിരിച്ചറിഞ്ഞു. മുഖ്യമന്ത്രിയുടെ പിടിവാശിയും അഹങ്കാരവും ധൂര്‍ത്തും ജനങ്ങള്‍ വെറുക്കുന്നു എന്നതിന് തെളിവാണ് യു.ഡി.എഫിന്‍റെ മിന്നുന്ന വിജയമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇടതുപക്ഷത്തിന്‍റെ ആറു സീറ്റുകള്‍ പിടിച്ചെടുത്താണ് തിളക്കമാര്‍ന്ന തെരഞ്ഞെടുപ്പ് വിജയം യു.ഡി.എഫ് നേടിയത്. 27 വാര്‍ഡുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച ഏക സീറ്റ് സി.പി.എമ്മില്‍ നിന്നും പിടിച്ചെടുത്തതാണ്. കഴിഞ്ഞ 14 വര്‍ഷമായി സി.പി.എമ്മിന്‍റെ കൈയ്യിലിരുന്ന തിരുവനന്തപുരം ജില്ലയിലെ കാരോട് കാന്തള്ളൂര്‍ വാര്‍ഡാണ് ബിജെപി പിടിച്ചെടുത്തത്. ഇവിടെ ദയനീയ പ്രകടനമാണ് സിപിഎം സ്ഥാനാര്‍ത്ഥിയുടേത്. വെറും 65 വോട്ടുകളോടെ മൂന്നാം സ്ഥാനത്താണ് സിപിഎം. കോണ്‍ഗ്രസ് ജയിച്ച് പഞ്ചായത്ത് ഭരണം പിടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിക്കുകയായിരുന്നെന്ന ആക്ഷേപം നിലനില്‍ക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്‍റെ മറ്റൊരു ഉദാഹരണമാണ് അവിടെ കണ്ടത്.

യു.ഡി.എഫിന്‍റെ സമുന്നതരായ നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ള ടൈറ്റാനിയം കേസില്‍ നിയമോപദേശം പോലും തേടാതെയാണ് സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചത്. പാലാ തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ എന്നല്ലാതെ മറ്റൊന്നും ഈ കേസില്‍ ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.