ബസ് ജീവനക്കാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു; കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

Jaihind Webdesk
Monday, October 30, 2023

 

കോഴിക്കോട്: വടകര, തലശേരി , കണ്ണൂര്‍, കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്ന് രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയത്. പോക്‌സോ കേസില്‍ പ്രതി ചേര്‍ത്ത ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. മുന്നറിയിപ്പില്ലാത സമരത്തില്‍ യാത്രക്കാര്‍ പെരുവഴിയിലായി.

കോഴിക്കോട് – കണ്ണൂർ, കോഴിക്കോട്- തൊട്ടിൽപ്പാലം റൂട്ടുകളിൽ ഓടുന്ന ബസുകൾ ആണ് പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരേ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥിയുടെ പരാതിയിൽ ചൊക്ലി പോലീസും തൃശൂർ- കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥിയുടെ പരാതിയിൽ തേഞ്ഞിപ്പാലം സ്റ്റേഷനിലുമാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതേത്തുടർന്നാണ് പണിമുടക്ക്.

ഇന്നലെ വൈകുന്നേരത്തോടെയാണ് മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ട തീരുമാനം ബസ് ജീവനക്കാർ എടുത്തത്. എന്നാൽ ഇക്കാര്യം പരസ്യമാക്കിയിരുന്നില്ല. ഇന്ന് സർവീസുകള്‍ ഇല്ലാതിരുന്നതോടെ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരു പണിമുടക്ക് ഉണ്ട് എന്ന് വിവരം പൊതുജനങ്ങൾ അറിയുന്നത്. അതിനാൽ തന്നെ വേണ്ട രീതിയിലുള്ള മുൻകരുതൽ സ്വീകരിക്കാനും ബദല്‍ ഗതാഗത സംവിധാനങ്ങള്‍ ഏർപ്പാടാക്കാനോ യാത്രക്കാർക്ക് സാധിച്ചിട്ടുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പലയിടത്തും കുടുങ്ങിക്കിടപ്പാണ്. സര്‍വീസ് നടത്തുന്ന ബസുകള്‍ തടയുന്നുണ്ട്.

*image:file