ലൈഫിലെ ധാരണാപത്രം പുറത്തുവിടാത്തത് അഴിമതി ഉള്ളതുകൊണ്ട് ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 22 ന് യു.ഡി.എഫ് സത്യഗ്രഹം | Video

Jaihind News Bureau
Wednesday, September 16, 2020

 

തിരുവനന്തപുരം : ലൈഫ് മിഷനിലെ ധാരണാപത്രം പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാകാത്തത് അഴിമതി ഉള്ളതുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ.ടി ജലീലിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തതമാക്കി. മുഖ്യമന്ത്രി രാജി വെക്കണമെന്നും ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 22 ന് സെക്രട്ടേറിയറ്റ് പടിക്കലും കളക്ടറേറ്റുകൾക്ക് മുന്നിലും യു.ഡി എഫ് സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ലൈഫ് മിഷനിലെ ധാരണാപത്രം പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എം.ഒ.യു ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ന് വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകും. അഴിമതിക്കാർക്ക് എല്ലാ സഹായവും നല്‍കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ജലീലിന് പാൽപ്പായസം കൊടുത്ത് അഴിമതി നടത്താൻ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. സമരങ്ങളോട് മുഖ്യമന്ത്രിക്ക് എതിർപ്പാണെന്നും മന്ത്രി കെ.ടി ജലീൽ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.