ലൈഫ് മിഷന്‍ : സി.ബി ഐ അന്വേഷണം സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും; കേസ് രജിസ്റ്റർ ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമില്ല

Jaihind News Bureau
Thursday, September 24, 2020

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് അഴിമതി സംബന്ധിച്ച് അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിൽ സി ബി ഐ പ്രാഥമിക വിവര ശേഖരണം തുടങ്ങി. ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്‍റെ ലംഘനം ചൂണ്ടിക്കാട്ടിയുള്ള പരാതി ആയതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ സി.ബി ഐക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമില്ല. അന്വേഷണം സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും.

20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ചാണ് അനില്‍ അക്കര സിബിഐ കൊച്ചി യൂണിറ്റിലെ എസ്പിക്കു പരാതി നല്‍കിയത്. ലൈഫ് മിഷന്‍ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യുണിടാക് എംഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്‍റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. ഇതനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുവാദം സിബിഐക്ക് ആവശ്യമില്ല. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ അനുമതി തേടിയാല്‍ മതിയാകും.

ഏതു വിദേശരാജ്യത്തുനിന്നും സഹായം സ്വീകരിക്കണമെങ്കിലും സംസ്ഥാന സര്‍ക്കാരിനു കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്. വിദേശരാജ്യങ്ങളില്‍നിന്ന് സഹായം സ്വീകരിക്കേണ്ടെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കെ സംസ്ഥാനം എങ്ങനെ യുഎഇ റെഡ് ക്രസന്‍റില്‍നിന്ന് സഹായം സ്വീകരിച്ചെന്ന കാര്യമാണ് നിലവില്‍ വിദേശകാര്യമന്ത്രാലയം അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രാനുമതി ആവശ്യമില്ലെന്നും വിവരം കേന്ദ്രത്തെ അറിയിച്ചിട്ടില്ലെങ്കില്‍ അറിയിക്കുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരാനിടയുണ്ട്.

വിദേശരാജ്യങ്ങളുമായുള്ള കരാര്‍ കേന്ദ്രപട്ടികയില്‍പ്പെടുന്നതിനാല്‍ ധാരണാപത്രത്തിനു കേന്ദ്രാനുമതി വാങ്ങേണ്ടതുണ്ട്. കേന്ദ്രാനുമതിയില്ലാതെ കരാറുണ്ടാക്കാന്‍ കോണ്‍സുലേറ്റിനും നിര്‍മാണ കമ്പനിയായ യുണിടാക്കിനും അധികാരമില്ല. ധാരണാപത്രത്തിലെ ഉപവകുപ്പ് പ്രകാരം നിര്‍മാണ കരാറുകാരനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരും റെഡ് ക്രസന്‍റും ചേര്‍ന്നാണ്.

എന്നാല്‍, ധാരണാപത്രവും ചട്ടവും അട്ടിമറിച്ച് നിര്‍മാണക്കരാര്‍ യുണിടാക്കിനു നല്‍കി. കരാര്‍ ഒപ്പിട്ടത് കോണ്‍സുലേറ്റ് ജനറലും യുണിടാക്കുമാണ്. ധാരണാപത്രത്തില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ധാരണയിലെത്തിയ റെഡ് ക്രസന്‍റോ നിര്‍മാണക്കരാറില്‍ കക്ഷിയായിരുന്നില്ല. 2.17 ഏക്കറില്‍ 140 ഫ്ലാറ്റ് നിര്‍മിക്കുന്നതിന് 2010 ജൂലൈ 11 നാണ് സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രസന്‍റുമായി ധാരണയിലെത്തിയത്.