ലൈഫ് മിഷന്‍ കോഴ : യുണിടാക് എം.ഡിയെയും ഭാര്യയെയും സി.ബി.ഐ ചോദ്യം ചെയ്തു

Jaihind News Bureau
Monday, September 28, 2020

 

കൊച്ചി : ലൈഫ് മിഷൻ കോഴ വിവാദവുമായി ബന്ധപ്പെട്ട് യുണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ സി.ബി.ഐ ചോദ്യം ചെയ്തു. ഇയാളെ അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യും. കൊച്ചി സി.ബി.ഐ ഓഫീസിൽ വിളിച്ചുവരുത്തിയാണ് സന്തോഷ് ഈപ്പനെയും ഭാര്യയേയും ചോദ്യം ചെയ്തത്.

സന്തോഷ് ഈപ്പന്‍റെ ഭാര്യ സീമ യൂണിടാക് കമ്പനിയുടെ ഡയറക്ടറാണ്. ഇരുവരുടെയും ചോദ്യംചെയ്യല്‍ രണ്ടര മണിക്കൂർ നീണ്ടു. അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കമ്പനിക്ക് കരാർ ലഭിക്കുന്നതിനായി ആർക്കെല്ലാം കമ്മീഷൻ നൽകി എന്നതിനെ കുറിച്ചാണ് പ്രധാനമായും അന്വേഷണ ഉദ്യാഗസ്ഥർ ഇന്ന് ചോദിച്ചറിഞ്ഞത് എന്നാണ് വിവരം. വരും ദിവസങ്ങളിൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് സി.ബി.ഐ.

കേസില്‍ സി.ബി.ഐ അന്വേഷണം ത്വരിതപ്പെടുത്തിയിരിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ഇന്ന് സി.ബി.ഐ കസ്റ്റഡിയിലെടുത്തു. കൊച്ചി യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരി നഗരസഭാ ഓഫീസിലെത്തി ഫയലുകൾ കസ്റ്റഡിയിലെടുത്തത്. നേരത്തെ വിജിലന്‍സ് സംഘവും ഇവിടെയെത്തി പദ്ധതിയുടെ ഫയലുകള്‍ പരിശോധിച്ചിരുന്നു.

അതേസമയം വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റിന്‍റെ നിർമ്മാണ പ്രവർത്തനങ്ങള്‍ നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് നിർമ്മാണം നിർത്തിവച്ചത്. ജോലി നിർത്തിവെക്കുന്നതായി കാണിച്ച് യൂണിടാക് ലൈഫ് മിഷന് കത്ത് നൽകിയിട്ടുണ്ട്.