കത്ത് വിവാദം: ആര്യാ രാജേന്ദ്രന്‍റെയും ആനാവൂർ നാഗപ്പന്‍റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്

Jaihind Webdesk
Saturday, November 12, 2022

 

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെയും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. വിജിലന്‍സ് ഓഫീസില്‍ എത്തിയാണ് ആനാവൂര്‍ നാഗപ്പന്‍ മൊഴി കൊടുത്തത്. വിജിലന്‍സ് സംഘം വീട്ടിലെത്തിയാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് വിജിലൻസ് നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് മൊഴിയെടുത്തത്.

കത്ത് കണ്ടിട്ടില്ലെന്നും കത്തുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ വിജിലന്‍സിന് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍ പറയുമ്പോള്‍ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. കത്ത് വിവാദം നിലവില്‍ വിജിലന്‍സും ക്രൈം ബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. കത്തിന്‍റെ ആധികാരികതയാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം ഏഴ് ദിവസമാണ്. ഇതിനൊടുവില്‍ റിപ്പോർട്ട് കൈമാറും.

വിവാദത്തില്‍ പ്രാഥമിക അന്വേഷണമാണ് വിജിലന്‍സ് നടത്തുന്നത്. കത്തുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് വിജിലന്‍സിന്‍റെ അന്വേഷണപരിധിയില് ഇപ്പോഴുള്ളത്.  കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. എസ്.പി കെ.ഇ ബൈജുവിനാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടച്ചുമതല.